കണ്ണുർ: കോളിളക്കമുണ്ടാക്കിയ കീഴാറ്റൂർ കർഷകസമരം തളിപ്പറമ്പിൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ക്ഷേത്രം പൊളിച്ചുനീക്കി. ദേശീയപാത ബൈപ്പാസ് റോഡ് പോകുന്ന കീഴാറ്റുരിൽ നൂറിലേറെ ഏക്കർ നെൽവയലാണ് നികത്തപ്പെടാൻ പോകുന്നത്. ഇതിനെതിരെ അതിശക്തമായ സമരം നടത്തിയ വയൽകിളിയെന്ന കർഷക പോരാട്ട സംഘടനയെ സർക്കാർ ഉരുക്കുമുഷ്ടി കൊണ്ടു നേരിടുകയാണ് ചെയ്തത്.ഇതോടെ ദേശീയ പാത അഥോറിറ്റി നൽകിയ പണം വാങ്ങി കർഷകർക്ക് നിശബ്ദരാകേണ്ടി വന്നു. എന്നാൽ ഇതിനു വിപരീതമായി ദേശീയപാതാ വികസനത്തിന് വേണ്ടി സ്വമേധയാ റോഡരികിലെ ക്ഷേത്രം പൊളിച്ചുനീക്കിയിരിക്കുകയാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ. ക്ഷേത്രം നിൽക്കുന്ന ആറര സെന്റ് ഭൂമിയാണ് ദേശീയപാതാ വികസനത്തിനായി വിട്ടുകൊടുത്തത്.

കണ്ണൂർ -കാസർകോട് ദേശീയപാതയിലെ പരിയാരത്തെ ഭഗവതി ക്ഷേത്രമാണ്പൂർണമായി പൊളിച്ചു നീക്കിയത്. പരിയാരം ശ്രീ കൊട്ടിയൂർ നമഠം ക്ഷേത്രമാണ് ദേശീയ പാതയോരത്ത് നിന്നും മൂന്ന് മീറ്റർ മാറ്റി പണിയാനായി പൊളിച്ചു നീക്കിയത് 'അഞ്ഞുറ് വർഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രം നിരവധി ഐതിഹ്യമുള്ളതാണ്.

ഭഗവതി സ്വരുപങ്ങളിലൊന്നായ പുള്ളുർ കാളിയും പുൽകണ്ഠനുമാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠകൾ ' 'ഗുളികനും ചാമുണ്ഡിയുമുൾപ്പെടെ നാല് ഉപദേവതകളുമുണ്ട്. പരിയാരം പഞ്ചായത്ത് ഓഫിസിന്റെ സമീപം റോഡരികിൽ ശ്രീകോവിലും ഉപദേവതകളുടെ ഇരിപ്പടവുമുള്ള. വടക്കെ മലബാറിലെ വലിയ ക്ഷേത്രങ്ങളിലൊന്നാണിത്. വിളക്കിത്തല നായർ നായർ സമുദായമാണ് പരികർമ്മികൾ നിത്യപൂജയില്ലെങ്കിലും മാസത്തെ എല്ലാ വിശേഷ ദിവസങ്ങളിലും ഇവിടെ വിശേഷാൽ പൂജ നടക്കാറുണ്ട്. പത്തിലേറെ അന്തിത്തിരിയന്മാർ ക്ഷേത്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

വടക്കൻ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ തുളു വന്നൂരിൽ നിന്നും കൊട്ടിയൂരിലേക്ക് പോവുകയായിരുന്ന നെയ്യമൃതേത്ത് സംഘമായ ബ്രാഹ്മണന്മാർ ഇവിടെ വിശ്രമിക്കുകയും എന്നാൽ പിന്നീട് ഇവിടെ വെച്ച ഓലക്കുട തിരിച്ചെടുക്കാൻ കഴിയാതെയിരിക്കുകയും ചെയ്തു ഇതേ തുടർന്ന് നടത്തിയ പ്രശ്‌ന ചിന്തയിൽ തുളുവന്നുരി ലെ ദേവചൈതന്യം ഇവിടേക്ക് കൂടെ വന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും പരിയാരത്ത് ക്ഷേത്രം പണിയുകയുമായിരുന്നുവെന്നാണ് ക്ഷേത്രോൽപ്പത്തിക്ക് പിന്നിലെ കഥ കഴിഞ്ഞ ജനുവരി 25 നാണ് ക്ഷേത്രം പൊളിച്ച് പ്രതിഷ്ഠകൾ ദൂരെയായി നിർമ്മിച്ച ബാലാലയത്തിലേക്ക് താന്ത്രിക വിധി പ്രകാരം മാറ്റിയത്.

ശ്രീകോവിലിന് ആധാരമായി പാക്കിയ രണ്ടര മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള ഒറ്റ കല്ല് ക്രെയിൻ ഉപയോഗിച്ചാണ് പുതിയ ശ്രീകോവിലിന്റെ തറയിലേക്ക് മാറ്റിയത്. ഈ ശില സ്ഥാപിക്കാനായി ആനകളെ കൊണ്ടുവരികയും എന്നാൽ ആനകൾക്ക് ഇതു കഴിയാതെ വന്നതിനാൽ തിരിച്ചു പോവുകയും ഭഗവതി കടാക്ഷമേറ്റതു പോലെ കുപ്പം വരെ മടങ്ങിയ ആനകൾ ഓടി തിരിച്ചെത്തി ശിലയെടുത്ത് സ്ഥാപിച്ചുവെന്ന ഐതിഹ്യം പഴമക്കാർ പറഞ്ഞു കേട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

നാടിന്റെ പുരോഗതിക്കു വേണ്ടിയാണ് ആറര സെന്റ് സ്ഥലം വിട്ടുകൊടുത്ത് ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.രവി കൂട്ടി ചേർത്തു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ രക്ഷാധികാരി എ.പി ഭാസ്‌കരൻ അടിയന്തിര ക്കാരൻ കൃഷ്ണൻ എന്നിവരാണ് പുനർനിർമ്മാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നത്. രണ്ടു വർഷം കൊണ്ട് ക്ഷേത്രം പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇവർ അറിയിച്ചു. എല്ലാ വൃശ്ചികമാസവുമാണ് ഇവിടെ കളിയാട്ട ഉത്സവം നടക്കാറുള്ളത്.