ശ്രീനഗർ: തീവ്രവാദ സംഘടനയായ ടി.ആർ.ഫിന്റെ മുതിർന്ന കമ്മാൻഡർ ഉൾപ്പടെ മൂന്ന് ഭീകരവാദികളെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ശ്രീനഗറിൽ രണ്ട് അദ്ധ്യാപകരുടെ കൊലപാതകത്തിൽ ഉൾപ്പടെ പങ്കാളികളായവരാണ് ഇവരെന്ന് ശ്രീനഗർ പൊലീസ് അറിയിച്ചു. ശ്രീനഗറിലെ രാംഭാഗിലാണ് ഏറ്റുമുട്ടൽ നടന്നത്.

ടി.ആർ.ഫിന്റെ കമ്മാൻഡറായ മെഹ്രാനാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. കഴിഞ്ഞ ഒക്ടോബർ ഏഴിന് സ്‌കൂൾ പ്രിൻസിപ്പലായിരുന്ന സുപിന്ദർ കൗറിനെയും അദ്ധ്യാപകനായ ദീപക് ചന്ദിനെയും വെടിവെച്ചുകൊന്ന സംഭവത്തിലെ പ്രതിയാണ് ഇയാൾ.

മാസങ്ങൾക്ക് മുൻപ് ശ്രീനഗറിലുണ്ടായ തുടർച്ചയായ തീവ്രവാദ ആക്രമണങ്ങളിലാണ് ഈ അദ്ധ്യാപകർ കൊല്ലപ്പെട്ടത്. സാധാരണ പൗരന്മാർക്ക് നേരെ തുടർച്ചയായുണ്ടായ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയാണ് 'ദ റെസിസ്റ്റൻസ് ഫ്രന്റ്' അഥവാ ടി.ആർ.എഫ്.

തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ പരിശോധനയെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞയാഴ്ച ഹിസ്ബുൾ മുജാഹിദീന്റെ ജില്ലാ തലവനേയും ടി.ആർ.എഫിന്റെ മറ്റൊരു തലവനേയും സൈന്യം വധിച്ചിരുന്നു.