ചെന്നൈ: തമിഴ്‌നാട് തീരങ്ങളിൽ ഭീകരാക്രമണ ഭീഷണിയെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി. ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന കേന്ദ്ര ഇന്റലിജൻസ് വൃത്തങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നു തമിഴ്‌നാടിന്റെയും കേരളത്തിന്റെയും തീരമേഖകളിൽ സുരക്ഷ ശക്തമാക്കി.

ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന വിവരമാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കി. വിവരം കേരളത്തിന് കൂടി കൈമാറിയിയെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു. തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.

കോസ്റ്റ് ഗാർഡ് അടക്കമുള്ള സേനകൾ കടലിൽ നിരീക്ഷണം നടത്തുന്നു. ശ്രീലങ്കയിൽ നിന്ന് ചില ബോട്ടുകൾ ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് തിരിച്ചു എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.

ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളിലും പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിച്ചു. തന്ത്രപ്രധാന മേഖലകളിൽ ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

തീരസംരക്ഷണ സേനയുടേത് അടക്കമുള്ള സംഘങ്ങൾ കടലിലും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. അതേസമയം, ഏതു ഭീകരസംഘടനയിൽപ്പെട്ടവരാണു ബോട്ടിലുള്ളതെന്ന വിവരം ഇനിയും സ്ഥിരികരിച്ചിട്ടില്ല. തീരമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

നേരത്തെ, കഴിഞ്ഞ ദിവസങ്ങളിൽ ചില ആളുകളെ ഇന്ത്യൻ തീരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമായിരുന്നു അതിൽ ഒന്ന്. മറ്റൊന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവും. ഇവരുമായി ബന്ധപ്പെട്ടവരാണ് ആയുധങ്ങളുമായി ബോട്ടുകളിൽ എത്തുന്നതെന്നാണ് കരുതുന്നത്.