മാഞ്ചസ്റ്റർ: ഇന്ത്യാ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്ന് തുടങ്ങില്ലെന്ന് റിപ്പോർട്ട്. കോവിഡ് ഭീഷണിയെ തുടർന്ന് മത്സരം നീട്ടി വച്ചേക്കും. ഇന്ത്യൻ ടീമിനൊപ്പമുള്ള ഫിസിയോതൊറോപ്പിസ്റ്റിന് കോവിഡ് ബാധിച്ചതാണ് ഇതിന് കാരണം. ബിസിസിഐയും ഇംഗ്ലീഷ് ബോർഡും മത്സം മാറ്റി വയ്ക്കുന്നതിന് സമ്മതിച്ചിട്ടുണ്ട്.

ഇന്ത്യൻ കളിക്കാരിൽ ഒരാൾ ടെസ്റ്റ് മാറ്റിവയ്ക്കണമെന്ന നിലപാട് എടുത്തിരുന്നു. ഇന്ത്യൻ ടീമിലെ കളിക്കാരെല്ലാം കോവിഡ് നെഗറ്റീവാണെന്ന് ആർടിപിസിആർ ടെസ്റ്റിൽ നേരത്തെ തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും പരിശോധന നടത്തി. ഈ ഫലം ഉടൻ കിട്ടും. അതിന് ശേഷം മാത്രമേ ടെസ്റ്റിൽ അന്തിമ തീരുമാനം ഉണ്ടാകൂ. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണഅ്

ബയോ ബബ്ൾ നിയന്ത്രണങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കോവിഡ് ഭീതിയുടെ നിഴലിലാക്കിയതെന്നാണ് വിലയിരുത്തൽ. ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞ് ജനജീവിതം സാധാരണ നിലയിലേക്കെത്തിയതോടെ ഇന്ത്യൻ ടീമിന്റെ ജാഗ്രതയിലും കുറവുവന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് രവി ശാസ്ത്രിക്കും പരിശീലക സംഘത്തിലെ മിക്കവർക്കും കോവിഡ് ബാധിച്ചതെന്നാണ് വിലയിരുത്തൽ.

നാലാം ടെസ്റ്റിനു മുൻപ് ടീം ഹോട്ടലിൽ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ ബയോ ബബ്ൾ ലംഘിച്ച് മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും ബോളിങ് കോച്ച് ഭരത് അരുണും ഫീൽഡിങ് കോച്ച് ആർ.ശ്രീധറും പങ്കെടുത്തിരുന്നു. പുറത്തുനിന്നുള്ള അതിഥികൾക്കും പ്രവേശനമുണ്ടായിരുന്ന ഈ ചടങ്ങിൽവച്ചാണ് ശാസ്ത്രിക്കു വൈറസ് ബാധയുണ്ടായതെന്നാണ് ബിസിസിഐയുടെ നിഗമനം.

ആന്റിജൻ പരിശോധനയിൽ ശാസ്ത്രിക്കു മാത്രമാണ് രോഗം കണ്ടെത്തിയത്. എന്നാൽ, ആർടിപിസിആർ പരിശോധനയിലൂടെ ഭരത് അരുണിനും ആർ.ശ്രീധറിനും ഫിസിയോ നിതിൻ പട്ടേലിനും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 10 ദിവസം ഐസലേഷനിൽ കഴിയണമെന്നതിനാൽ ടീമിനൊപ്പം മാഞ്ചസ്റ്ററിലേക്കു സഞ്ചരിക്കാൻ ഇവർക്കായില്ല.

അഞ്ചാം ടെസ്റ്റിനുശേഷം കളിക്കാർക്കു വിവിധ ഐപിഎൽ ടീം ക്യാംപുകളിൽ എത്തേണ്ടതുണ്ട്. അതിനാൽ മാഞ്ചസ്റ്ററിൽ ഐപിഎൽ ബയോ ബബ്ൾ ഒരുക്കുമെന്നു ബിസിസിഐ നേരത്തേ അറിയിച്ചിരുന്നതാണ്. ഇതിനിടെയാണ് ടീമിൽ വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് ഋഷഭ് പന്ത് കോവിഡ് ബാധിതനായത് വിവാദമായിരുന്നു. പന്ത് .യൂറോ കപ്പ് ഫുട്‌ബോൾ മത്സരം കാണാൻ പോയതു വിവാദമായിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീമംഗങ്ങൾക്കു കത്തെഴുതുകയും ചെയ്തു. ഇതു ലംഘിച്ചാണു ശാസ്ത്രിയും സംഘവും ലംഘിച്ചുവെന്നാണ് ആരോപണം.