തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിലെ വിവാദങ്ങൾ അടങ്ങുന്നതില്ല. സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടവും ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാ ഫലം. റാന്നിയിലെ ഡിഎഫ്ആർഡിയിൽ നടത്തിയ പരിശോധനയിൽ സാമ്പിളുകളിൽ ഈർപ്പത്തിന്റെയും സോഡിയം കാർബണേറ്റിന്റെയും (അലക്കുകാരം) അളവും പിഎച്ച് മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി. ഇതോടെ പപ്പടം ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. 81 ലക്ഷം പാക്കറ്റ് പപ്പടമാണ് തിരിച്ചെടുക്കേണ്ടതെങ്കിലും കിറ്റ് കിട്ടിയവരിൽ ബഹുഭൂരിപക്ഷവും ഇത് ഉപയോഗിച്ചുകഴിഞ്ഞു. സോഡിയം കാർബണേറ്റിന്റെ അമിതോപയോഗം കാഴ്ചശക്തിയെത്തന്നെ ബാധിക്കാമെന്നാണ്‌ ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കിറ്റിലെ ശർക്കരയ്ക്ക് നിലവാരമില്ല എന്ന വാർത്ത വലിയ ചർച്ചയായിരുന്നു.

പപ്പടത്തിലെ ഈർപ്പത്തിന്റെ അളവ് 12.5 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ്. എന്നാൽ ഓണക്കിറ്റിലെ പപ്പടത്തിൽ ഈർപ്പം 16.06 ശതമാനമാണ്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാർബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പി.എച്ച് മൂല്യം 8.5 ൽ കൂടരുതെന്നാണ്. എന്നാൽ സാംപിളുകളിൽ ഇത് 9.20 ആണ്. ആദ്യഘട്ടത്തിൽ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടർന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളിൽ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.

ഫഫ്‌സർ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നൽകിയത്. കേരള പപ്പടത്തിനായാണ് ടെണ്ടർ നൽകിയതെങ്കിലും ആ പേരിൽ വാങ്ങിയത് തമിഴ്‌നാട്ടിൽ നിന്നുള്ള അപ്പളമാണെന്ന ആരോപണം ആദ്യമേ ഉയർന്നിരുന്നു. ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാൻ ക്വാളിറ്റി അഷ്വറൻസ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ, ഡിപ്പോ മാനേജർമാർക്ക് നിർദ്ദേശം നൽകി. വിതരണക്കാർക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നൽകിയതിന്റെയും റിപ്പോർട്ട് പർച്ചേസ് ഹെഡ് ഓഫീസിൽ നൽകണമെന്നും അറിയിച്ചിട്ടുണ്ട്.

ഓണക്കിറ്റ് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതി കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകൾ നടന്നതായി സന്ദീപ് പരാതിയിൽ ചൂണ്ടിക്കാട്ടി. ശർക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുടെ എല്ലാം വിതരണത്തിൽ അഴിമതി ഉണ്ട്. തൂക്കം, നിലവാരമില്ലായ്‌മ, ടെൻഡറിൽ തട്ടിപ്പ് എന്നിവയെല്ലാം നടന്നിട്ടുണ്ട്.

മാത്രവുമല്ല ഇതേ വിതരണക്കാർക്ക് തന്നെ വീണ്ടും കരാർ നൽകാൻ നീക്കം നടക്കുകയും ചെയ്യുന്നുണ്ട്. കുറഞ്ഞ തുക വാഗ്‌ദാനം ചെയ്ത വിതരണക്കാരനെ മറികടന്ന് കരാർ നൽകിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിതരണം ചെയ്‌ത കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ സപ്ലൈക്കോ തയ്യാറായിട്ടുമില്ല. ഇത്തരത്തിൽ നിരവധി ക്രമക്കേട് നടന്നതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേരെ പ്രതിയാക്കിയാണ് കേസ് നൽകിയിരിക്കുന്നത്. ഇതിൽ 7 കരാറുകാരുമുണ്ട്.