കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ആശ്വാസം. ഇനി അറിയേണ്ടത് പൊലീസ് മേധാവിയായി തച്ചങ്കരിയെ എത്തിക്കുമോ എന്നതാണ്. തച്ചങ്കരിയുടെ ആവശ്യപ്രകാരം തുടരന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ആലപ്പുഴ സ്വദേശി ബോബി കുരുവിള നൽകിയ ഹർജിയാണു ജസ്റ്റിസ് ആർ.നാരായണ പിഷാരടി തള്ളിയത്.

തുടരന്വേഷണം പ്രഖ്യാപിച്ച സർക്കാർ ഉത്തരവു കോടതി പുനഃപരിശോധിക്കേണ്ടതില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവു ചോദ്യം ചെയ്തു ഹർജിക്കാരന് വ്യവഹാര നടപടി സ്വീകരിക്കാനുള്ള അവകാശമില്ലെന്നും കോടതി വിലയിരുത്തി. തീരുമാനമല്ല, തീരുമാനമെടുക്കാനുള്ള നടപടി ക്രമങ്ങളിലെ പിഴവാണു പുനഃപരിശോധനയ്ക്കു വിധേയമാക്കുന്നതെന്നു കോടതി പറഞ്ഞു. ഈ കേസാണ് തച്ചങ്കരിക്ക് പൊലീസ് മേധാവിയാകാൻ തിരിച്ചടിയായത്. അടുത്ത വർഷം അനിൽ കാന്ത് വിരമിക്കും. ഈ സമയത്ത് തച്ചങ്കരിക്ക് പൊലീസ് മേധാവിയായാകൻ വീണ്ടും സാധ്യതയുണ്ട്.

അതിന് ഈ കേസിൽ തച്ചങ്കരിക്ക് അനുകൂല തീരുമാനം ഉണ്ടാകണം. അതിന് വേണ്ടിയാണ് തുടരന്വേഷണം. ഡിജിപിയായ ടോമിൻ ജെ.തച്ചങ്കരിയെക്കാൾ താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും തുടരന്വേഷണം നടത്തുന്നതെന്നും അതിനാൽ അന്വേഷണത്തിന്റെ ഫലം പ്രവചിക്കാനാവുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

2003 ജനുവരി ഒന്നുമുതൽ 2007 ജൂലൈ 4 വരെയുള്ള കാലയളവിൽ 64,70,891 രൂപ വിലമതിക്കുന്ന സ്വത്ത് തച്ചങ്കരി സമ്പാദിച്ചെന്നും ഇതു വരവിൽ കവിഞ്ഞതാണെന്നുമായിരുന്നു കേസ്. കോട്ടയം പ്രത്യേക കോടതിയുടെ പരിഗണനയിലാണു കേസ്. തച്ചങ്കരിയുടെ നിവേദനത്തെ തുടർന്ന്, കേസിൽ തുടരന്വേഷണം നടത്താൻ ഈ വർഷം ജനുവരിയിൽ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണു ഹർജി നൽകിയത്.

അനിൽ കാന്തിന് സംസ്ഥാന പൊലീസ് മേധാവി കസേരയിൽ തുടരാനാവുക വെറും 7 മാസത്തേക്കു മാത്രമാണ്. അതിന് ശേഷം യു.പി.എസ്.സി അംഗീകാരത്തോടെ വിശ്വസ്തനായ, ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണ് പിണറായി സർക്കാരിന്റെ നീക്കമെന്നറിയുന്നു. ഏഴു മാസം മാത്രം സർവീസ് ബാക്കിയുള്ള അനിൽ കാന്തിന്റെ നിയമന ഉത്തരവിൽ, രണ്ട് വർഷ കാലാവധിയെന്നു രേഖപ്പെടുത്താതിരുന്നത് തച്ചങ്കരിക്ക് വേണ്ടി മാത്രമാണ്. വരുന്ന ജനുവരി 5 നാണ് അനിൽകാന്ത് വിരമിക്കുന്നത്. സർവീസ് നീട്ടി വാങ്ങാൻ അനിൽ കാന്തും സന്നദ്ധമാകില്ല. ഇതിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന.

ധാരണ ഇല്ലായിരുന്നുവെങ്കിൽ നിയമന ഉത്തരവിൽ 2 വർഷം കൃത്യമായി രേഖപ്പെടുത്തുമായിരുന്നു. അതായത് 2022 ജനുവരി 5ന് വൈകിട്ട് തച്ചങ്കരി പൊലീസ് മേധാവിയാകാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇതിന് വേണ്ടിയാണ് അനിൽ കാന്തിനെ ഇപ്പോൾ പൊലീസ് മേധാവിയാക്കിയതും. അതിന് മുമ്പ് അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണത്തിൽ തീരുമാനം വരും.

തച്ചങ്കരിക്കെതിരായ വിജിലൻസ് കേസിന്റെ തുടരന്വേഷണം അധികം വൈകാതെ തീർപ്പാക്കി, ഉടൻ കോടതിയിൽ റിപ്പോർട്ട് നൽകിയേക്കും. അതിനു ശേഷം അക്കാര്യം കൂടി ഉൾപ്പെടുത്തി അനിൽ കാന്ത് വിരമിക്കുന്നതിനു മുൻപേ യുപിഎസ്‌സി സമിതിക്കു വീണ്ടും പട്ടിക നൽകുമെന്നാണു സൂചന. അനിൽ കാന്ത് വിരമിച്ച ശേഷം തച്ചങ്കരിക്ക് ഒന്നര വർഷവും സുദേഷിന് 9 മാസവും സന്ധ്യയ്ക്ക് ഒരു വർഷം 3 മാസവും സർവീസുണ്ട്. അപ്പോഴത്തെ 3 അംഗ പട്ടികയിൽ തച്ചങ്കരി ഇടം നേടിയാൽ പൊലീസ് മേധാവി സ്ഥാനം ഉറപ്പിക്കാം.