തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അന്തിമ പട്ടികയായി. ബി സന്ധ്യ, അനിൽകാന്ത്, സുദേഷ് കുമാർ എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. ടോമിൻ ജെ തച്ചങ്കരിയെ ഒഴിവാക്കി. അരുൺകുമാർ സിൻഹ സ്വയം ഒഴിവായി. യുപിഎസ്‌സി യോഗത്തിലാണ് പട്ടിക തയ്യാറായത്. ഇവരിൽ ഒരാളെ സംസ്ഥാന സർക്കാരിന് തെരഞ്ഞെടുക്കാം. സുദേഷ്‌കുമാറിനും സന്ധ്യയ്ക്കുമാണ് ഡിജിപി റാങ്കുള്ളത്.

പട്ടികയിൽ രണ്ടാം സ്ഥാനക്കാരനായ തച്ചങ്കരിക്ക് എതിരെ യുപിഎസ്‌സിക്ക് മരിച്ചയാളുടെ പേരിൽ പരാതി ലഭിച്ചിരുന്നു. തച്ചങ്കരി സർവീസിൽ കയറിയ നാൾ മുതൽ ഇതുവരെയുള്ള കാര്യങ്ങൾ, നേരിട്ട അന്വേഷണങ്ങൾ, അച്ചടക്ക നടപടികൾ, സിപിഎം നേതാക്കളുമായുള്ള ബന്ധം എന്നിവ പരാതിയിൽ പറഞ്ഞിരുന്നു. ഏഴ് വർഷം മുൻപ് മരിച്ചയാളുടെ പേരിലാണ് പരാതി പോയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ, പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. നിലവിൽ മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയാണ് അദ്ദേഹം.

ഇടക്കൊച്ചി സ്വദേശി കെ ടി തോമസിന്റെ പേരിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് പരാതി ലഭിക്കുകയായിരുന്നു. പൊലീസ് മേധാവിമാർക്കുള്ള പട്ടിക തയ്യാറാക്കുന്ന കമ്മീഷനാണ് ഇത്തരത്തിൽ പരാതി ലഭിച്ചിരിക്കുന്നത്. തച്ചങ്കരിക്കെതിരായ വിജിലൻസ് കേസും അദ്ദേഹം നേരിട്ട നടപടികളും വിശദീകരിച്ചുള്ളതാണ് പരാതി.

പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. പിന്നീട്, സംസ്ഥാന ചീഫ് സെക്രട്ടറി അത് പൊലീസ് മേധാവിക്കും കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോൾ തോമസ് എന്നയാൾ ഏഴ് വർഷം മുൻപ് മരിച്ചതായാണ് കണ്ടെത്തുകയായിരുന്നു. നിലവിൽ ഈ വിലാസത്തിൽ ഗഫൂർ എന്നയാളാണ് താമസിക്കുന്നത് എന്നും കണ്ടെത്തി. ഇക്കാര്യം ചീഫ് സെക്രട്ടറി യു പി എസ് സിയെ അറിയിച്ചു.ഡിടിപിയിൽ തയ്യാറാക്കിയ പരാതിയാണ് കിട്ടിയത്. പൊലീസിൽ നിന്നു തന്നെയാണ് പരാതി പോയതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

ഇതാദ്യമായാണു യുപിഎസ്‌സി സമിതിക്കു പാനൽ സമർപ്പിച്ച്, അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ കേരളത്തിൽ ഡിജിപിയായി നിയമിക്കുന്നത്. ഇതുവരെ സർക്കാരുകൾ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്നു. സുപ്രീം കോടതിയുടെ കർശന വിധി വന്നതോടെ സർക്കാരിനു നിവൃത്തിയില്ലാതായി.

യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു കേന്ദ്രസമിതിയിൽ. 30 വർഷം സർവീസ് പൂർത്തിയാക്കിയ, 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നൽകിയത്.