ടോക്യോ: ബാഡ്മിന്റൺ കോർട്ടിൽ എതിരാളികൾക്കെതിരെ ഉശിരൻ ഷോട്ടുകൾ പായിക്കാൻ മാത്രമല്ല അവരുടെ വിഷമത്തിൽ പങ്കുചേരാനും തനിക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു. ഒളിമ്പിക്‌സിൽ വനിതാ വിഭാഗം ബാഡ്മിന്റൺ ഫൈനലിലെ തോൽവിക്കു ശേഷം തന്നെ ആശ്വസിപ്പിക്കുന്നതിനു വേണ്ടി സിന്ധു പറഞ്ഞ വാക്കുകൾ തന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചതായി വെള്ളി മെഡൽ ജേതാവ് തായ് സൂ യിങ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

'സിന്ധു എന്നെ കെട്ടിപ്പിടിച്ച് എന്നോട് പറഞ്ഞു, നിനക്ക് സുഖമില്ലെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾ ഇന്ന് നന്നായി കളിച്ചു. എന്നാൽ ഇന്ന് നിങ്ങളുടെ ദിവസമല്ല,' തായ് പറഞ്ഞു. സിന്ധു തന്റെ കൈകളിൽ പിടിച്ച ശേഷം തന്റെ അപ്പോഴത്തെ അവസ്ഥ അവൾക്ക് മനസിലാകും എന്ന് പറഞ്ഞെന്നും ആത്മാർത്ഥമായ ആ പ്രോത്സാഹനം തന്റെ കണ്ണ് നനയിച്ചുവെന്നും തായ് കൂട്ടിച്ചേർത്തു.

പി വി സിന്ധുവിനെ തോൽപ്പിച്ചായിരുന്നു ചൈനീസ് തായ്പേയ് താരം തായ് സു യിങ് ഫൈനലിൽ കടന്നിരുന്നത്.തായ് സു 21-18 21-12 എന്ന് സ്‌കോറിനാണ് സിന്ധുവിനെ തോൽപ്പിച്ചിരുന്നത്. എന്നാൽ ഫൈനലിൽ ചൈനയുടെ ചെൻ യൂ ഫേയോട് തോൽക്കുകയായിരുന്നു. മൂന്ന് ഗെയിമുകൾക്ക് നീണ്ട മത്സരത്തിലാണ് തായ് സു തോൽവി സമ്മതിച്ചത്.

മത്സരശേഷം സിന്ധു എന്നോട് സംസാരിച്ചത് കണ്ണ് നിറയിച്ചെന്ന് തായ് സു വ്യക്തമാക്കി.കഴിഞ്ഞ തവണത്തെ റിയോ ഒളിമ്പിക്‌സ് ഫൈനലിൽ സ്‌പെയിനിന്റെ കരോളിനാ മരിനോടാണ് സിന്ധു തോറ്റത്. ഇത്തവണ ചൈനയുടെ ഹെ ബിങ് ജിയാവോയെ തോൽപിച്ച് സിന്ധു വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു.