കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപാ വൈറസ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘമെത്തി. സെന്റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് മരിച്ച പന്ത്രണ്ടുകാരന്റെ സ്വദേശമായ കോഴിക്കോട് ചാത്തമംഗലം മുന്നൂരിൽ സന്ദർശനം നടത്തിയത്. കുട്ടിക്ക് രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നതിൽ ഇതുവരെ വ്യക്തതയില്ല. രോഗം ബാധിക്കുന്നതിന് മുമ്പ് കുട്ടി റംബൂട്ടാൻ കഴിച്ചിരുന്നു. ഈ സ്ഥലം സന്ദർശിച്ച കേന്ദ്രസംഘം റംബൂട്ടാൻ സാംപിളുകളും ശേഖരിച്ചു.

നിപ ബാധിച്ച് മരിച്ച 12-കാരൻ റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിലാണ് റമ്പൂട്ടാൻ പഴത്തിന്റെ സാമ്പിളുകൾ കേന്ദ്രസംഘം ശേഖരിച്ചത്. ഇത് വവ്വാലുകൾ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളിൽ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്.



കേന്ദ്രസംഘത്തിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗത്തിലുള്ള ഡോക്ടർമാരാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. ശേഷം കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങൾ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു.

എല്ലാവരോടും കർശനമായ ജാഗ്രത പുലർത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കിൽ എത്രയുംപെട്ടെന്ന് ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ചും തുടർന്ന് എടുക്കേണ്ട നടപടികൾ സംബന്ധിച്ചും കേന്ദ്രസംഘം നേരിട്ട് പ്രദേശവാസികൾക്ക് നിർദ്ദേശങ്ങൾ നൽകി.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂർ സ്വദേശിയായ പന്ത്രണ്ടുകാരനാണ് നിപാ ബാധിച്ച് മരിച്ചത്. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ കുട്ടിക്ക്, ശനിയാഴ്ച രാത്രിയാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കോഴിക്കോട്ട് ക്യാംപ് ചെയ്യുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വിവിധ വിഭാഗം തലവന്മാരുടെ യോഗം പ്രിൻസിപ്പൽ വിളിച്ചു ചേർത്തിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി യോഗത്തിൽ പങ്കെടുക്കും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, കളക്ടർ, വിവിധവകുപ്പ് മേധാവിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നടപടികൾ വിലയിരുത്തും.

തെങ്ങുകയറ്റ തൊഴിലാളിയായ പാഴൂർ മുന്നൂർ സ്വദേശിയുടെ മകനായ പന്ത്രണ്ടുകാരനാണ് നിപ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങിയത്. രണ്ടാഴ്ചയോളമായി പനിയും തലവേദനയും അനുഭവപ്പെട്ട കുട്ടിയ ആദ്യം ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. രോഗം കൂടുതൽ വഷളായതോടെ ബന്ധുക്കളുടെ താൽപര്യാർത്ഥം ഇക്കഴിഞ്ഞ ഒന്നാം തീയതി കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മസ്തിഷക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് സംശയം തോന്നിയ സ്വകാര്യ ആശുപത്രി അധികൃതർ സ്രവ സാംപിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ഫലം വന്നു. രോഗം സ്ഥിരികരിച്ചതോടെ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഓൺലൈനായി അടിയന്തര യോഗം ചേർന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ തുടരുന്നതിനിടെ പുലർച്ചെ 4.30ഓടെയായിരുന്നു മരണം.

കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മന്ത്രിമാരായ വീണ ജോർജ്ജ്, മുഹമ്മദ് റിയാസ്, അഹ്‌മദ് ദേവർകോവിൽ, എ.കെ ശശീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിതഗതികൾ വിലയിരുത്തി. ഗസ്റ്റ് ഗൗസ് കേന്ദ്രമാക്കി കൺട്രോൾ റൂമും തുറന്നു. മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിട്ടും കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് സ്രവസാംപിൾ എന്തുകൊണ്ട് പരിശോധനയ്ക്ക് അയിച്ചില്ലെന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. അതിനിടെ, മരിച്ച 12 കാരന്റെ സംസ്‌കാര ചടങ്ങുകൾ കണ്ണംപറന്പ് ഖബർസ്ഥാനിൽ നടന്നു. പ്രൊട്ടോക്കോൾ പാലിച്ച് ആരോഗ്യ പ്രവർത്തകരും ഏതാനും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.



മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉൾപ്പെടുത്തി ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂർ ജില്ലകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.