ഡൽഹി: ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടി. രണ്ടും ബന്ധിപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ തീരുമാനം. 2021 ജൂൺ 30 വരെയാണ് സമയം നീട്ടിയിരിക്കുന്നത്.

1961 ലെ ഇൻകം ടാക്‌സ് നിയമത്തിലെ 148ാം വകുപ്പ് പ്രകാരമാണ് പുതിയ തീരുമാനം. കോവിഡ് 19 മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധിയെ തുടർന്നാണ് തീരുമാനമെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ വിശദീകരണം.

ഇന്ന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയടക്കേണ്ടി വരുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. 1000 രൂപ പിഴയ്ക്ക് പുറമെ പാൻ കാർഡ് അസാധുവാകും എന്നുമായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച കേന്ദ്രസർക്കാർ പാസാക്കിയ ഫിനാൻഷ്യൽ ബിൽ 2021 ലെ 234 എച്ച് വകുപ്പ് പ്രകാരമാണ് പിഴ തീരുമാനം വന്നത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിർബന്ധമായിരുന്നു.