കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ അടുത്തവർഷം കമ്മീഷൻ ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഐഎൻഎസ് വിക്രാന്തിന്റെ പോരാട്ടശേഷി രാജ്യത്തിന്റെ പ്രതിരോധരംഗത്തിന് മുതൽക്കൂട്ടാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ കൊച്ചി ഷിപ്പ് യാർഡിൽ എത്തിയതാണ് രാജ്നാഥ് സിങ്.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ നെറുകയിലെ മറ്റൊരു പൊൻതൂവൽ കൂടിയാണിത്. മുൻ എൻഡിഎ സർക്കാരാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. കോവിഡ് വ്യാപനത്തിനിടയിലും നിർമ്മാണ പുരോഗതിയിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു. അടുത്തവർഷം ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആദരമാകുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയ കപ്പൽ നിർമ്മാണ വ്യവസായത്തെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. വിവിധ ഷിപ്പ്യാർഡുകളിലായി 42 കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തദ്ദേശീയ കപ്പൽ നിർമ്മാണ വ്യവസായം നവീകരണത്തിന്റെ പാതിയിലാണെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണത്തിനാവശ്യമായ ഘടകസാമഗ്രികളുടെ 75ശതമാനവും പ്രാദേശികമായാണ് സംഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള പ്രോജക്ട്-75 പദ്ധതി തദ്ദേശീയ സാങ്കേതികവിദ്യക്ക് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.