കോഴിക്കോട്: നായയുടെ സ്‌നേഹത്തെ കുറിച്ചുള്ള നിരവധി വാർത്തകൾ പലയിടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തകാലത്താണ് ആശുപത്രിയിൽ ചികിത്സയിലുള്ള തന്റെ ഉടമയെ കാത്ത് പുറത്ത് നിൽക്കുന്ന വളർത്തുനായയുടെ ദൃശ്യങ്ങൾ ഇസ്താംബുളിൽ നിന്ന് പുറത്തുവന്നത്. കേരളത്തെ നടുക്കിയ രാജമല പെട്ടിമുടി പ്രദേശത്തെ ഉരുൾപൊട്ടലിൽ മണ്ണിനിടയിൽ പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്കിടയിൽ ഉറ്റവരെ ഓർത്ത് വാവിട്ട് വിലപിച്ച് നായയുടെ ദൃശ്യങ്ങളും നമുക്ക് മുന്നിലെത്തിയിരുന്നു. ഇത്തരത്തിലൊരു നായയുടെ സ്‌നേഹത്തെക്കുറിച്ചുള്ള കാഴ്ചകളാണ് കോഴിക്കോട് തൊട്ടിൽപ്പാലത്തു നിന്നും പുറത്തുവരുന്നത്.

വലയിൽ കുടുങ്ങി മരണത്തോട് മല്ലടിച്ച നായയെ ജീവിതത്തിലേക്ക് മടക്കി എത്തിച്ച പൊലീസുകാരനോടുള്ള നായയുടെ സ്‌നേഹപ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീനാഥും കുൽഫിയെന്ന തെരുവ് നായയും തമ്മിലുള്ള ബന്ധം ഏറെ ഹൃദയസ്പർശിയാണ്. ജൂലൈ പതിനെട്ടിനാണ് ശ്രീനാഥ് ആദ്യമായി നായയെ കാണുന്നത്. സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെയാണ് നായ വലയിൽ കുടങ്ങിക്കിടക്കുന്ന വിവരം ഒരാൾ വിളിച്ച് അറിയിക്കുന്നത്. ഉടൻ തന്നെ ശ്രീനാഥ് അവിടേക്ക് യാത്ര തിരിച്ചു. സ്ഥലത്തെത്തിയപ്പോൾ വഴിയരികിൽ വലയിൽ കുരുങ്ങി അവശനായി കുരച്ചുകൊണ്ടിരിക്കുന്ന നായയെയാണ് കാണുന്നത്. കത്തി ഉപയോഗിച്ച് വല മുറിച്ച് ശ്രീനാഥ് നായയെ രക്ഷപ്പെടുത്തി. അവശനായ നായ രക്ഷപ്പെട്ട ആശ്വാസത്തിൽ പെട്ടന്ന് തന്നെ എങ്ങോട്ടോ ഓടിപ്പോകുകയും ചെയ്തു.

എന്നാൽ അന്ന് വൈകീട്ട് ശ്രീനാഥ് ജോലി ചെയ്യുന്ന സ്റ്റേഷനിൽ ഈ നായയെത്തി. വരാന്തയിലും പരിസരങ്ങളിലുമായി ചുറ്റിത്തിരിഞ്ഞ നായയെ ശ്രീനാഥ് തന്നെ അവിടെ നിന്നും ഓടിച്ചു വിടുകയും ചെയ്തു. അന്ന് സാധനങ്ങൾ വാങ്ങാൻ ശ്രീനാഥ് തൊട്ടിൽപ്പാലം ടൗണിലെത്തിയപ്പോൾ തെരുവു നായകളുടെ കൂട്ടത്തിൽ ഈ നായയെയും ശ്രീനാഥ് കണ്ടിരുന്നു.

പിന്നീട് ജൂലൈ ഇരുപതിന് സ്വന്തം വീടിന് മുന്നിലാണ് ശ്രീനാഥ് നായയെ കാണുന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ശ്രീനാഥിനെ പിന്തുടർന്ന് തൊട്ടിൽപ്പാലത്തിനടുത്തുള്ള നാഗംപാറയിലെ വീട്ടിലെത്തിയതാണ് നായ. നാലു കിലോമീറ്ററോളമാണ് നായ ശ്രീനാഥിനെ പിന്തുടർന്നത്. നായയുടെ സ്‌നേഹവും നന്ദി പ്രകടനവും കണ്ട് ശ്രീനാഥും വീട്ടുകാരും അദ്ഭുതപ്പെട്ടു.

തന്നെ രക്ഷപ്പെടുത്തിയ ആളെ തേടിയെത്തിയ നായ പിന്നീട് മടങ്ങിപ്പോകാൻ കൂട്ടാക്കിയില്ല. വീട്ടിലും സ്റ്റേഷൻ പരിസരത്തുമെല്ലാം നായ ഒപ്പം വന്നതോടെ കുൽഫിയെന്ന പേരും നൽകി ശ്രീനാഥ് നായയെ ഒപ്പം കൂട്ടി. സഹപ്രവർത്തകരാണ് കുൽഫിയെന്ന പേര് നൽകിയതെന്ന് ശ്രീനാഥ് പറയുന്നു. വാർത്തയറിഞ്ഞതോടെ നാട്ടിലും സ്റ്റേഷനിലും കുൽഫി താരമായി മാറി. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കുൽഫിയുടെ സ്‌നേഹവും ശ്രീനാഥും കുൽഫിയും തമ്മിലുള്ള അപൂർവ്വ സൗഹൃദവും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.