ന്യൂ‍ഡൽഹി: സോണിയാ ​ഗാന്ധിക്ക് പകരം യു.പി.എ അധ്യക്ഷനായി എൻ.സി.പി തലവനും മുതിർന്ന നേതാവുമായ ശരദ് പവാർ എത്തിയേക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി എൻ.സി.പി. അടിസ്ഥാനരഹിതമായ വാർത്തയാണ് മാധ്യമങ്ങൾ നൽകിയതെന്നാണ് പാർട്ടി സംഭവത്തിൽ പ്രതികരിച്ചത്. സോണിയാ ഗാന്ധി വിരമിക്കാനൊരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് പവാർ സ്ഥാനമേറ്റെടുത്തേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. അത്തരമൊരു നിർദ്ദേശം സംബന്ധിച്ച് മുന്നണിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് നാഷണൽ കോൺഗ്രസ് പാർട്ടി വക്താവ് താപ്‌സെ പറഞ്ഞു. കർഷകരുടെ പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാ​ഗമാണ് ഇത്തരം അടിസ്ഥാന രഹിതമായ വാർത്തകളെന്നും അ​ദ്ദേഹം പറഞ്ഞു.

ശരദ് പവാറിനെ യുപിഎ അധ്യക്ഷനാക്കുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും കർഷക സമരത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുമാണ് ഇത്തംരം അഭ്യൂഹങ്ങൾ ഉയർത്തുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. 'പുറത്തുവന്ന അഭ്യൂഹങ്ങളിൽ സത്യമില്ല. പ്രതിപക്ഷത്തെ ആശയക്കുഴപ്പിത്തിലാക്കാനും ഭിന്നിപ്പിക്കാനുമാണ് ശ്രമം'- കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.

ഒരു ദിനപത്രത്തിലെ കോളത്തിലാണ് യുപിഎ നേതൃസ്ഥാനം ശരദ് പവാർ ഏറ്റെടുക്കുമെന്ന് അച്ചടിച്ചുവന്നത്. സംഭവം വാർത്തയായതോടെ പത്രം കോളം പിൻവലിച്ചു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് നടപടികൾ തുടങ്ങിയ സാഹചര്യത്തിലാണ് അഭ്യൂഹം പരന്നത്. സോണിയാ ഗാന്ധി യുപിഎ അധ്യക്ഷയായി തുടരും. അവരെ മാറ്റാൻ യാതൊരു നീക്കവുമില്ല. കോൺഗ്രസ് വലിയ പാർട്ടിയാണ്. അതുകൊണ്ടു തന്നെ യുപിഎ ചെയർപേഴ്‌സണായി അവർ തുടരുമെന്നും താരിഖ് അൻവർ ദ ഹിന്ദുവിനോട് പറഞ്ഞു.