ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയെങ്കിലും നിർണ്ണായക വിവരങ്ങളൊന്നും കിട്ടിയില്ലെന്ന് പൊലീസ്. ചൈൽഡ് ലൈൻ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കിൽ തുടർ കൗൺസിലിങ് നൽകുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു.

മാതാപിതാക്കൾക്കും കൗൺസിലിങ് നൽകുന്നത് പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറഞ്ഞിരുന്നത്. ആരാണ് മുദ്രാവാക്യം വിളിച്ചതെന്നതിലും കുട്ടിക്ക് വ്യക്തതയില്ല. ഇതോടെ മുദ്രാവാക്യ വിവാദത്തിൽ അത് പഠിപ്പിച്ചുവെന്ന് സംശയിച്ച ആളിനെ കണ്ടെത്താൻ കഴിയാതെ വരും. അങ്ങനൊരു വ്യക്തിയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴും. കുട്ടിയിൽ നിന്ന് നിർണ്ണായക മൊഴി കിട്ടാത്ത സാഹചര്യത്തിൽ ഈ കേസ് തന്നെ അപ്രസക്തമാകും.

വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്‌കർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. റിമാൻഡ് ചെയ്യാനാണ് സാധ്യത.

കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്‌ക്കർ മുസാഫറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പത്ത് വയസുകാരനും രക്ഷിതാക്കളും ഇന്ന് രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടിൽ എത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടും പത്ത് വയസുകാരനിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. വീട്ടിലെത്തിയ ഉടൻ അസ്‌ക്കർ മുസാഫിർ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു.

മാധ്യമങ്ങളിൽ വാർത്ത വന്ന പിന്നാലെ പള്ളുരുത്തി പൊലീസ് വീട്ടിലെത്തി അസ്‌ക്കറിനെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ച ശേഷം ചേർത്തല പൊലീസിന് അസ്‌ക്കറിനെ കൈമാറി. അസ്‌ക്കർ കീഴടങ്ങിയെന്ന് പിഎഫ്ഐ പ്രവർത്തകർ പറയുമ്പോൾ പിടികൂടിയെന്നാണ് പൊലീസ് ഭാഷ്യം. അസ്‌ക്കറിന്റെ കസ്റ്റഡിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട്ഓഫ് ഇന്ത്യ പ്രവർത്തകർ പള്ളുരുത്തിയിൽ പ്രകടനം നടത്തിയിരുന്നു.