മലപ്പുറം: പട്ടിണിയിലായിരുന്ന തന്റെ വലിയ കുടുംബത്തെ കര കയറ്റാനാണ് 17കാരനായ തിരൂർ സ്വദേശി പാറപ്പുറത്ത് മൊയ്തീൻ എന്ന ബാവ ഹാജി 1964ൽ കോഴിക്കോട്ട് നിന്ന് ഖോർഫക്കാനിലേക്കുള്ള ലോഞ്ചിൽ യു.എ.ഇയിലേക്ക് പുറപ്പെട്ടത്. പിന്നീട് ജോലിക്കായി യുഎഇയിലെ ഒട്ടേറെ സ്ഥലങ്ങളിൽ ദിവസങ്ങളോളം അലഞ്ഞു. ഇന്ന് ബാവ ഹാജിയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് രണ്ടായിരത്തിലധികം തൊഴിലാളികളാണ്.

എം.എ.യൂസഫലിക്കും, മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം തിരൂരിലെ മൊയ്തീനെന്ന ബാവഹാജിക്കും യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ ലഭിച്ചത് ഇങ്ങനെയൊക്കെയാണ്. മൊയ്തീന്റെ കഥ സിനിമകളെപോലും വെല്ലുന്ന രീതിയിലാണ്. പതിനേഴാം വയസ്സിൽ ചുമട്ടുതൊഴിലാളിയായി പ്രവാസ ജീവിതം തുടങ്ങിയ ബാവ ഹാജിക്ക് യുഎഇ സർക്കാരിന്റെ ഗോൾഡൻ വീസ നേടിയത് പട്ടിണി സമ്മാനിച്ച അനുഭവങ്ങളും കഠിനാധ്വാനവും ആരെയും ഉന്നത സ്ഥാനങ്ങളിൽ എത്തിക്കുമെന്ന പാഠം തന്നെയാണ്.

1964ൽ പ്രവാസ ജീവിതം ആരംഭിച്ചെങ്കിലും ആദ്യസമയങ്ങളിൽ ജോലിക്കായി യുഎഇയിലെ ഒട്ടേറെ സ്ഥലങ്ങളിൽ ദിവസങ്ങളോളം അലഞ്ഞു. വിശപ്പ് എന്താണെന്ന് ശരിക്കും മനസ്സിലാക്കിയ കാലമായിരുന്നു അന്ന്. തുടർന്ന് തളർന്നിരുന്ന കെട്ടിടത്തിൽ നിന്ന് തൊഴിലാളികളാണ് ചുമടെടുക്കാൻ ഒപ്പംകൂട്ടിയതും ആദ്യമായി ജോലി നൽകിയതും. തുടർന്ന് ജീവിതഭാരത്തിൽ കല്ലും മണ്ണും കോൺക്രീറ്റും ബാവ ഹാജിയുടെ തലയിൽ കനമില്ലാത്ത ചുമടായി മാറുകയായിരുന്നു. ചുമട്ടുതൊഴിലിനിടെ ജോലി സ്ഥലം സന്ദർശിച്ച യുഎഇ സ്വദേശി അബ്ദുല്ല അൽ ഖത്താറിനെ പരിചയപ്പെട്ടതാണ് ബാവയുടെ ജീവിതത്തിലെ വഴിത്തിരിവായത്.

കുട്ടിയുടെ കഠിനാധ്വാനവും ജോലിയോടുള്ള കൂറും കണ്ട് അറബി കൂടെ കൂട്ടുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അറബിയുടെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ജോലിക്കാരനായി മാറി. ബാവ ഹാജിയുടെ ഇടപെടലുകളിൽ സന്തുഷ്ടനായ അറബി ദുബായ് ദേര മത്സ്യമാർക്കറ്റിലെ വ്യാപാര സ്ഥാപനം വിട്ടുനൽകി. ഇന്ന് അരനൂറ്റാണ്ട് പിന്നിടുമ്പോൾ യുഎഇയിലെ വലിയ പഴം പച്ചക്കറി വ്യാപാര സ്ഥാപനമായ എഎകെ ഗ്രൂപ്പിന്റെ ചെയർമാനാണ് ബാവ ഹാജി.

2000 തൊഴിലാളികൾ യുഎഇയിലെ ബാവ ഹാജിയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ഭൂരിഭാഗവും മലയാളികൾ.തിരൂരിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിലും സജീവമാണ് ഇദ്ദേഹം. യുഎഇ സർക്കാരിന്റെ താമസ കുടിയേറ്റ രേഖ ഏറ്റവും കൂടുതൽ തവണ പാസ്പോർട്ടിൽ പതിപ്പിച്ച വ്യക്തികളിൽ ഒരാളാണ് ബാവ ഹാജി. ഇപ്പോൾ അതേ പാസ്പോർട്ടിൽ യുഎഇ ഗോൾഡൻ വീസ സ്റ്റാംപ് അധികൃതർ പതിച്ചുനൽകിയപ്പോൾ തന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഇദ്ദേഹം കാണുന്നത്.