കോഴിക്കോട്: കോഴിക്കോട് വെള്ളിമാട് കുന്ന് എൻജിഒ ക്വാർട്ടേഴ്സ് ഹൈസ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദ്യാർത്ഥിക്ക് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടുന്നത്. അത് ഒരു ബംഗാളി വിദ്യാർത്ഥിനിക്കാണ്. ബംഗാളിയെന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനിക്കുന്ന റോക്ഷിത് ഖാത്തൂനാണ് ആ മിടുക്കി. 10 വർഷങ്ങൾക്ക് മുമ്പ് പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നും ജീവിതമാർഗ്ഗം തേടി കോഴിക്കോടെത്തിയ റഫീഖിന്റെയും നൂർജഹാന്റെയും മകളാണ് റോക്ഷിത് ഖാത്തൂൻ. റോക്ഷിത് ഖാത്തൂൻ തന്നെ ബംഗാളിയെന്ന് വിളിച്ച് കളിയാക്കിയ സ്‌കൂളിലെ കുട്ടികളെയെല്ലാം പിന്നിലാക്കി സ്‌കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥിയാണ്.

തന്നെ ബംഗാളിയെന്ന് വിളിച്ച് കളിയാക്കിയ വിദ്യാർത്ഥികളോട് പരിഭവമൊന്നുമില്ലെന്ന് റോക്ഷിത് ഖാത്തൂൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്‌കൂളിൽ ചേർന്ന കാലം തൊട്ട് ബംഗാളിയെന്ന് വിളി കേൾക്കുന്നുണ്ട്. പലരും പരിഹാസരൂപേണയാണ് അങ്ങനെ വിളിച്ചിരുന്നത്. തുടക്കത്തിൽ ചെറിയ പ്രയാസങ്ങളുണ്ടായിരുന്നെങ്കിലും ആരോടും പരിഭവമില്ല. ബംഗാളിയെന്ന് വിളിക്കപ്പെടുന്നതിൽ ഞാനിന്ന് അഭിമാനിക്കുന്നുണ്ട്. ഓരോ നാടിനും അതിന്റേതായണ് പ്രത്യേകതകളും വ്യത്യാസങ്ങളുമുണ്ട്. ബംഗാളികൾ അത്രം മോശപ്പെട്ട ആളുകളല്ലെന്ന് തെളിയിക്കാൻ എന്റെ ഈ നേട്ടം കൊണ്ട് സാധിച്ചിട്ടുണ്ട്. വേണമെന്ന് വച്ചാൽ ബംഗാളികൾക്ക് മലയാളിയേക്കാൾ ഉയരത്തിലെത്താനും സാധിക്കുമെന്നും റോക്ഷിത് ഖാത്തൂൻ പറയുന്നു.

റോക്ഷിത് ഖാത്തൂൻ അഞ്ച് വയസ്സുള്ളപ്പോഴാണ് കേരളത്തിലെത്തിയത്. തുടക്കത്തിൽ കേരളവുമായി പൊരുത്തപ്പെട്ടുപോകാൻ പ്രയാസമായിരുന്നു എങ്കിലും സ്‌കൂളിൽ നിന്നും അയൽവാസികളിൽ നിന്നും ലഭിച്ച പിന്തുണ ആ പ്രയാസത്തെ മറികടക്കാൻ സഹായിച്ചു എന്ന് റോക്ഷിത് പറയുന്നു. കൂട്ടുകാരോടും അയൽക്കാരോടും സംസാരിച്ചാണ് മലയാളം പഠിച്ചത്. ഇപ്പോൾ നന്നായി മലയാളം പറയാനും വായിക്കാനും എഴുതാനും കഴിയും.

മലയാളത്തിലാണ് പരീക്ഷയെഴുതിയതും ഉന്നത വിജയം നേടിയതും. തുടക്കം മുതൽ സ്‌കൂളിലെ അദ്ധ്യാപകരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്. വീട്ടിൽ മലയാളം അറിയുന്ന ആരും ഇല്ല എന്ന് മനസ്സിലാക്കിയ അദ്ധ്യാപകർ തനിക്കും സഹോദരിക്കും പാഠഭാഗങ്ങൾ ആവർത്തിച്ച് പഠിപ്പിച്ചു തന്നിരുന്നതായും റോക്ഷിത് പറയുന്നു. തന്റെ വിജയം അറിഞ്ഞത് മുതൽ പശ്ചിമ ബംഗാളിലുള്ള ബന്ധുക്കൾ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. അവരും തന്റെ വിജയത്തിൽ അതിയായി സന്തോഷിക്കുന്നു. സകൂളിലെ ആദ്യ എ പ്ലസുകാരിയെന്ന നിലയിൽ അഭിമാനിക്കുന്നു എന്നും റോക്ഷിത് മറുനാടൻ മലയാളിയോട് പറഞ്ഞു.

കൊമേഴ്സ് എടുത്ത് ഉപരിപഠനം നടത്തണമെന്നാണ് റോക്ഷിതിന്റെ താത്പര്യം.ബാങ്ക് ജോലി നേടി കേരളത്തിലോ ബംഗാളിലോ ജോലി ചെയ്യണമെന്നാണ് രോക്ഷിത് ഖാത്തൂനിന്റെ സ്വപ്നങ്ങൾ. സഹോദരി നജിയയും ഇതേ സ്‌കൂളിൽ നിന്ന് പ്ലസ്ടു പൂർത്തിയാക്കി നീറ്റ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ്. നജിയയും 2019ലെ എസ് എസ് എൽ സി പരീക്ഷയിൽ വെള്ളിമാട് കുന്ന് എൻജിഒ ക്വാർട്ടേഴ്സ് സ്‌കൂളിൽ നിന്ന് 9 എപ്ലസുകൾ വാങ്ങിയാണ് വിജയിച്ചത്. പിതാവ് റഫീഖ് വെൽഡിങ് ജോലിക്കാരനാണ്.

കോവിഡ് കാരണം ഇപ്പോൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ജോലിയുള്ളത്. മാതാവ് നൂർജഹാൻ വീട്ടുജോലികൾ ചെയ്യുന്നുണ്ട്. സ്‌കൂളിന് സമീപത്ത് തന്നെ വാടക വീട്ടിലാണ് ഇവരുടെ താമസം. മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ഈ കുടുംബം സ്‌കൂളിന് സമീപത്തേക്ക് താമസം മാറ്റിയത്. പ്രതിസന്ധികൾക്കിടയിലും മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നാണ് റഫീഖിന്റെയും നൂർജഹാന്റെയും തീരുമാനം.