തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ ട്രെയിലർ പുറത്തിറങ്ങി. ബോളിവുഡ് നടി കങ്കണ റണാവത്ത് ആണ് ജയലളിതയായി അഭിനയിക്കുന്നത്.എഎൽ വിജയിയാണ് ചിത്രത്തിന്റെ സംവിധാനം. തമിഴിലും ഹിന്ദിയിലും 'തലൈവി' എത്തും. എം.ജി.ആറായി അരവിന്ദ് സ്വാമിയെത്തുമ്പോൾ ശശികലയായി വേഷമിടുന്നത് മലയാളി നടി ഷംന കാസിമാണ്. ഏപ്രിൽ 23ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഒരു സൂപ്പർസ്റ്റാർ ഹീറോയിൻ, റെവല്യൂഷനറി ഹീറോ… നിങ്ങൾക്കറിയുന്ന പേര് എന്നാൽ നിങ്ങൾക്കറിയാത്ത ജീവിത കഥ എന്നാണ് ഫാസ്റ്റ് ലുക്കിൽ നൽകിയിരിക്കുന്ന ടാഗ്‌ലൈൻ. തലൈവിയുടെതായി നേരത്തെ പുറത്തെത്തിയ ടീസറും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കങ്കണയുടെ 34ാം ജന്മദിനത്തിലാണ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുന്നത്. ഭാഗ്യശ്രീ, നാസർ, സമുദ്രക്കനി, മധു ബാല എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു വർധൻ ഇന്ദുരി, ശൈലേഷ് ആർ സിങ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിശാൽ വിത്തൽ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും ഒരുക്കുന്നു.

തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാഹുബലിക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ രചിച്ചിരിക്കുന്നത്.