ന്യൂഡൽഹി: രാജ്യത്ത് 22 ദിവസത്തേക്കുള്ള കൽക്കരി സ്റ്റോക്കുണ്ടെന്നും തിങ്കളാഴ്ച റെക്കോഡ് നിരക്കിൽ കൽക്കരി വിതരണം ചെയ്തുവെന്നും കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമുള്ള കൽക്കരി വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ട്. കൽക്കരിക്ഷാമം രാജ്യത്തെ ഊർജപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കകൾക്കിടെയാണ് മന്ത്രിയുടെ വിശദീകരണം.

തിങ്കളാഴ്ച മാത്രം 1.95 മില്ല്യൺ ടൺ കൽക്കരിയാണ് വിതരണം ചെയ്തത്. ഇതുവരെ പ്രതിദിനം വിതരണം ചെയ്തതിൽ ഏറ്റവും കൂടുതലാണിത്. കൽക്കരി വിതരണം വർധിപ്പിക്കും. ഒക്ടോബർ 21നുശേഷം രണ്ട് മില്ല്യൺ ടൺ വരെ കൽക്കരി വിതരണം ചെയ്യാനാണ് ലക്ഷ്യം. രാജ്യത്തിന്റെ ആവശ്യപ്രകാരമുള്ള കൽക്കരി വിതരണം ചെയ്യുമെന്ന് ഉറപ്പുനൽകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൽക്കരിക്ഷാമത്തെ തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഡൽഹിയിൽ തിങ്കളാഴ്ച ഉന്നതതലയോഗം ചേർന്നിരുന്നു. കൽക്കരി മന്ത്രി പ്രൾഹാദ് ജോഷിയും ഊർജ്ജ മന്ത്രി ആർ. കെ സിങ്ങും ഇരു മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

കൽക്കരി ക്ഷാമം രാജ്യത്തെ താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും പഞ്ചാബിലും നിരവധി താപവൈദ്യുത യൂണിറ്റുകൾ അടച്ചുപൂട്ടി. രാജ്യം രൂക്ഷമായ ഊർജപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കകൾക്കിടെയാണ് കൽക്കരിക്ഷാമ റിപ്പോർട്ടുകളെ തള്ളി കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

കൽക്കരി ക്ഷാമമവും വൈദ്യുതി പ്രതിസന്ധിയുമില്ലെന്ന് പ്രഹ്ലാദ് ജോഷിയും ആർ.കെ സിങ്ങും നേരത്തേയും വ്യക്തമാക്കിയിരുന്നു. രാജ്യത്തെ താപവൈദ്യുത നിലയങ്ങളുടെ കൈവശം അടുത്ത മൂന്നാഴ്ചത്തേക്ക് ആവശ്യമായ കൽക്കരി ഉണ്ടെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.

43 ദശലക്ഷം ടൺ കൽക്കരിയാണ് കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ സ്റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൽക്കരി ക്ഷാമത്തിന്റെ പേരിൽ അനാവശ്യമായ ഭീതിയുണ്ടാക്കരുതെന്ന് ആർ.കെ സിങ്ങ് വ്യക്തമാക്കി.