കാഞ്ഞങ്ങാട്: കാസർകോട്ട് കോൺഗ്രസിൽ ഭിന്നത. ഉദുമയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട്ടെയും തൃക്കരിപ്പൂരിലെയും സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് കോൺഗ്രസിൽ ഭിന്നത ഉടലെടുത്തത്. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ തന്നെയാണ് വിമതനീക്കം നടക്കുന്നത്. ഇന്ന് രാവിലെ കാഞ്ഞങ്ങാട് വെച്ച് വിമത വിഭാഗത്തിന്റെ യോഗം ചേർന്നിരുന്നു. കെപിസിസി. ഭാരവാഹികൾ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ്. ലഭ്യമാകുന്ന വിവരം.

ഇന്നലെ വൈകീട്ടോടെയാണ് തൃക്കരിപ്പൂർ ജോസഫ് വിഭാഗത്തിന് വിട്ട് നൽകിയതിൽ ചൊല്ലി ഡിസിസി പ്രസിഡന്റ് ഉൾപ്പടെയുള്ളവർ വിമത നീക്കവുമായി രംഗത്ത് വന്നത്. ഉദുമയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട്ടെയും തൃക്കരിപ്പൂരിലെയും സ്ഥാനാർത്ഥി നിർണയത്തെയും എതിർത്തിരുന്നെങ്കിലും ഉദുമയിൽ സമവായത്തിൽ എത്തി. തൃക്കരിപ്പൂർ മണ്ഡലത്തിൽ മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത ജോസഫ് വിഭാഗത്തിന് സീറ്റ് നൽകുന്നത് സംബന്ധിച്ചാണ് പ്രധാനമായും ആക്ഷേപം ഉയരുന്നത്. മണ്ഡലം കമ്മിറ്റി പോലുമില്ലാത്ത ഒരു വിഭാഗത്തിന് സീറ്റ് വിട്ടുകൊടുക്കുന്നത് പാർട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയമായിട്ടുള്ള നീക്കമെന്നാണ് വിലയിരുത്തുന്നത്.

ഈ നീക്കം അംഗീകരിക്കാനാവില്ല. പാർട്ടി ഇതുമായി മുന്നോട്ടുപോവുകയാണെങ്കിൽ പാർട്ടിയിൽ നിൽക്കില്ല എന്ന നിലപാടിലേക്കാണ് വിമതവിഭാഗത്തിന്റെ നീക്കം. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ നേതൃത്വത്തിൽ ജില്ലയിലുള്ള കോൺഗ്രസിന്റെ നിലപാടുകളെയും നടപടികളെയും ഹൈജാക്ക് ചെയ്യുന്നു എന്നും വിമതവിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്‌മോഹൻ ഉണ്ണിത്താന്റെയും പാർട്ടി നേതൃത്വത്തിന്റെയും നിലപാടുകളെ എതിർത്തുകൊണ്ടാണ് ഡിസിസി പ്രസിഡന്റിന്റെ നേതത്വത്തിലുള്ള വിമത വിഭാഗം കാസർകോട്ട് ഇപ്പോൾ കരുനീക്കം നടത്തുന്നത്. അതേ സമയം ചില മുതിർന്ന നേതാക്കൾ ബിജെപിയുമായി ചർച്ച നടത്തിയെന്നും വിവരമുണ്ട്.