ജനീവ: കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് മൂന്നാം തരംഗം ആദ്യ ഘട്ടത്തിലെത്തിയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

കോവിഡ് വൈറസിന് നിരന്തരം വകഭേദം സംഭവിക്കുകയാണെന്നും ഓരോ ആഴ്ചയും പുതിയ വേരിയന്റുകൾ കണ്ടെത്തികൊണ്ടിരിക്കുന്നത് സ്ഥിതി വഷളാക്കുകയാണെന്നും തെദ്രോസ് പറഞ്ഞു.അന്താരാഷ്ട്ര ആരോഗ്യ റെഗുലേഷൻസ് അടിയന്തര സമിതിയോട് സംസാരിക്കവെയാണ് ഗെബ്രിയേസസ് ഇക്കാര്യം പറഞ്ഞത്.

കോവിഡ് ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചു കഴിഞ്ഞു. എന്നാൽ ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ ഗുരുതര പ്രശ്‌നങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്നും ഗെബ്രിയേസസ് പറഞ്ഞു.

ലോകം ഇപ്പോൾ കാണുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മാത്രമാണെന്നും ഇത് ഇനിയും കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വാക്‌സിനുകളിലൂടെ കൊവിഡിനെ കീഴടക്കിയെന്ന് ധരിച്ചുവെങ്കിൽ അത് തെറ്റാണെന്നും വാക്‌സിനേഷൻ നല്ല രീതിയിൽ നടത്തിയിട്ടും യൂറോപ്പിലും വടക്കേ അമേരിക്കയിലും കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ 111 രാഷ്ട്രങ്ങളിൽ പടർന്നു പിടിച്ചുകഴിഞ്ഞു. ലോകത്ത് ഇനി ഏറ്റവും കൂടുതൽ നാശം വരുത്താൻ പോകുന്നത് ഒരു പക്ഷേ ഡെൽറ്റാ വൈറസായിരിക്കാമെന്ന് തെദ്രോസ് വിലയിരുത്തി.

അതേസമയം വാക്‌സിനേഷനിലൂടെ മാത്രമെ കോവിഡ് ഭീതിയെ മറികടക്കാനാകുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. യൂറോപ്പിലും അമേരിക്കയിലും വാക്‌സിനേഷൻ വിപുലമായ തോതിൽ നടക്കുന്നത് കാരണമാണ് അവിടെ രോഗബാധയും മരണനിരക്കും കുറഞ്ഞത്.

അതേസമയം ലോകത്ത് ഇനിയും വാക്സിൻ ആവശ്യത്തിന് ലഭ്യമാകാത്ത രാജ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് പ്രതിരോധ വാക്‌സിൻ എടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. എന്നാൽ കൂടുതൽ ശക്തിയേറിയ വകഭേദങ്ങൾ ഉണ്ടാകുന്നതിനാൽ വാക്‌സിനേഷൻ കൊണ്ട് മാത്രം കോവിഡിനെ ചെറുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു