തൊടുപുഴ: തൊടുപുഴയിൽ ഇത്തവണ തീപാറും പോരാട്ടം. യു.ഡി.എഫിലെ പടലപ്പിണക്കങ്ങളാലും, അനാരോഗ്യത്താലും വെല്ലുവിളി നേരിടുന്ന പി ജെ ജോസഫിനെ നേരിടാൻ എത്തുന്നത് അദ്ദേഹത്തിന്റെ പഴയ വിശ്വസ്തനും കേരളാ കോൺഗ്രസ് (എം) മുതിർന്ന നേതാവുമായ പ്രൊഫ. കെ.ഐ ആന്റണി. ഇതോടെ പിജെയെ തൊടുപുഴയിലെ തിരഞ്ഞെടുപ്പു ഗോദയിൽ മലർത്തിയടിക്കുമോയെന്ന് ആകാംഷയിലാണ് ഇടതു പക്ഷം. ട്രാക്ടർ ചിഹ്നത്തിലാണ് പിജെയുടെ മത്സരം. ആന്റണി എത്തുന്നത് കഴിഞ്ഞ തവണ പിജെ ജയിച്ച രണ്ടില ചിഹ്നത്തിലും.

സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ പി ജെ ജോസഫ് ജയിച്ച മണ്ഡലത്തിൽ ഇത്തവണ ഓരോ വോട്ടും നിർണായകമാകുന്ന മത്സരമാണ് നടക്കുന്നത്. വിധി പ്രവചിക്കാൻ കഴിയാത്ത ഈ മത്സരം ജോസഫിനെ മണ്ഡലത്തിൽ തളച്ചിടുമ്പോൾ പാർട്ടിയുടെയും, മുന്നണിയുടെയും മറ്റു സ്ഥാനാർത്ഥികളുടെയും വിജയത്തിനും,പ്രചാരണത്തിനുമായി സമയം കണ്ടെത്താനാവാത്ത അവസ്ഥയിലുമാണ് പി.ജെ. അങ്ങനെ കേരളാ കോൺഗ്രസിനേയും ഈ പോരാട്ടം ബാധിക്കുകയാണ്.

നാല് തെരഞ്ഞെടുപ്പുകളിൽ ജോസഫ് ​ഗ്രൂപ്പിന്റെ  തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുകയും, 1992-ൽ എതിർ പക്ഷത്തിലെത്തി 2001-ൽ പി ടി തോമസിനു മുന്നിൽ തിരെഞ്ഞെടുപ്പിൽ പി.ജെ യെ അടിയറവു പറയിക്കുകയും ചെയ്ത പ്രൊഫ. കെ ഐ ആന്റണിയെ ഇടതുപക്ഷം കളത്തിലിറക്കിയത് വ്യക്തമായ കണക്കൂകൂട്ടലോടെയാണ് ഇതോടെ അക്ഷരാർത്ഥത്തിൽ തൊടുപുഴയിലെ രാഷ്ട്രീയം ചുട്പിടിക്കുകയാണ്. പ്രീ പോൾ സർവ്വേകളിലും ജോസഫ് സ്വന്തം തട്ടകത്തിൽ വിയർക്കുന്നുവെന്നാണ് റിപ്പോർട്ട്.

ഇടതുപക്ഷത്തിന്റെ ചിട്ടയായ പ്രവർത്തനവും, ഇടതുപക്ഷ പാർട്ടികളുടെ സംഘടന സംവിധാനവും പതിറ്റാണ്ടുകളോളം കോളേജ് അദ്ധ്യാപകനായിരുന്നു എന്ന ഘടകവും കെ.ഐ ആന്റണിക്ക് അനുകൂലമാക്കിയാണ് പ്രചരണം. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും, സീറ്റ് വിഭജന ചർച്ചകളിലും കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും കടന്നാക്രമിച്ച ജോസഫിന് യുഡിഎഫിലും എതിരുണ്ട്. ഇതെല്ലാം ആന്റണി വോട്ടാക്കാൻ ശ്രമിക്കുന്നു.

മുന്നണിയിലെ പ്രധാന കക്ഷികളിലെ ഇടഞ്ഞു നിൽക്കുന്ന പ്രാദേശിക നേതാക്കളെയും, പ്രവർത്തകരെയും അനുനയിപ്പിക്കുവാൻ ശ്രമിച്ച് വരികയാണ് ഇപ്പോൾ ജോസഫ്. ഇതിനിടെ തൊടുപുഴയുടെ വികസ മുരടിപ്പിൽ നിന്നും ഒരു പുതിയ കുതിപ്പിനു വഴി തെളിയിക്കുന്ന പത്തിന പദ്ധതികളുമായാണ് ആന്റണി കളം നിറയുന്നത്. അങ്ങനെ തൊടുപുഴയിലെ പോരാട്ടത്തിന് വികസനത്തിന്റെ ചർച്ചാ മുഖവും തുറക്കുകയാണ് ആന്റണി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിജെയ്ക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവസാന്നിധ്യമായിരുന്ന ആന്റണി ഇക്കുറി സ്ഥാനാർത്ഥികുപ്പായമണിഞ്ഞാണ് ഇറങ്ങുന്നത്. കോളജ് അദ്ധ്യാപകനായിരുന്ന കെ.ഐ ആന്റണിയുടെ തൊടുപുഴയിലെ ശിഷ്യസമ്പത്തും പൊതു ജനങ്ങളോടുള്ള അടുപ്പവും വോട്ടായി മാറും എന്നാണ് മാണി വിഭാഗത്തിന്റെ പ്രതീക്ഷ. തൊടുപുഴ ബാലികേറ മലയല്ലെന്ന് പറയുന്ന അന്റണി അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

പിജെ ജോസഫിന്റെ കഴിഞ്ഞ കാല ജയങ്ങൾ വ്യക്തിയധിഷ്ഠിതമല്ലെന്നും കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെതാണെന്നും കേരള കോൺഗ്രസ് മാണി വിഭാഗം ഉന്നതധികാര സമിതി അംഗം കൂടിയായ കെ.ഐ.ആന്റണി വ്യക്തമാക്കി. തൊടുപുഴ സീറ്റിൽ സിപിഎം തന്നെ മൽസരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആന്റണിയുെട വരവോടെ അത്തരം പ്രചരണങ്ങളും തള്ളപ്പെട്ടു. ഇടതുപക്ഷം ഒന്നടങ്കം ആന്റണിക്ക് പിന്നിലുണ്ട്.