തൊടുപുഴ: പ്രചരണത്തിൽ തൊടുപുഴയിൽ മുൻതൂക്കം നേടിയിരുന്ന ഇടതുപക്ഷ സ്ഥാനാർത്ഥി കെ ഐ ആന്റണി കോവിഡ് ബാധിതൻ ആയതോടെ പ്രശ്‌നത്തിലായ എൽഡിഎഫ് പോരാട്ടം കടുപ്പിക്കുകയാണ്. തൊടുപുഴ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രചരണമാണ് ഇരു മുന്നണികളും നടത്തുന്നത്. കേരള കോൺഗ്രസ് പാർട്ടിയുടെ മുഴുവൻ സംവിധാനങ്ങളും വിഭവങ്ങളും തൊടുപുഴയിൽ കേന്ദ്രീകരിച്ചാണ് ജോസഫിന്റെ പ്രചരണം. മറ്റൊരു നിയോജകമണ്ഡലങ്ങളിലെക്കും പ്രചരണത്തിനായി അദ്ദേഹം ഈ തെരഞ്ഞെടുപ്പുകാലത്ത് പോയിട്ടില്ല. അത് പാർട്ടിയുടെ മറ്റു സ്ഥാനാർത്ഥികളിൽ ഉണ്ടാക്കിയിട്ടുള്ള അതൃപ്തി ചില്ലറയൊന്നുമല്ല. രാഹുൽ ഗാന്ധിയെ തൊടുപുഴയിൽ എത്തിക്കുന്നതിനായി കേരള കോൺഗ്രസ് പാർട്ടിയുടെ മറ്റു പല പ്രധാന മണ്ഡലങ്ങളിൽ രാഹുലിനുള്ള പരിപാടികൾ റദ്ദാക്കാൻ തന്നെ ജോസഫ് തയ്യാറായി.

മികച്ച ഗെയിം മാനേജരായ ആന്റണിക്ക് കരുത്തായി സിപിഎമ്മിനെറെ മുഴുവൻ സംഘടനാ സംവിധാനവും നിലകൊള്ളുന്നു. കഴിഞ്ഞ സർക്കാരിലെ മന്ത്രി എം എം മണിയുടെ വാശി കൂടിയാണ് ജോസഫിനെ തൊടുപുഴയിൽ ഇത്തവണ തോൽപ്പിക്കുക എന്നത്. മാധ്യമ സർവേകൾ കടുത്ത മത്സരം പ്രവചിക്കുമ്പോഴും 2500 ഏറെ വോട്ടുകൾക്ക് വിജയിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും.

അനാരോഗ്യവും യുഡിഎഫിലെ പടലപ്പിണക്കവും കുറച്ചൊന്നുമല്ല ജോസഫിനെ ബുദ്ധിമുട്ടിക്കുന്നത്. ജോസഫ് പരാജയപ്പെട്ടാൽ മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ അത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. തോൽവിയോടെ ജോസഫ് കളം വിട്ടാൽ രണ്ടാംനിര നേതൃത്വത്തിലെ ഭിന്നതകൾ എല്ലാം മറനീക്കി പുറത്തു വരികയും അദ്ദേഹത്തിന്റെ പാർട്ടി ശിഥിലമാവുകയും ചെയ്‌തേക്കാം. അദ്ദേഹത്തിന്റെ മകൻ അപ്പു ജോസഫിന്റെ രാഷ്ട്രീയ ഭാവിയും തുലാസിൽ ആവും.

അതുകൊണ്ടുതന്നെയാണ് കെഎം മാണിയുടെയും, മകൻ ജോസ് കെ മാണി യുടെയും ഏറ്റവും വിശ്വസ്തനായ കെ ഐ ആന്റണിയെ തന്നെ പാർട്ടി കളത്തിലിറക്കിയത്. ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ ആയി തിരഞ്ഞെടുത്ത സമ്മേളനം വിളിച്ചു കൂട്ടിയതും കെ ഐ ആന്റണി ആയിരുന്നു. പോളിങ് ബൂത്തിലേക്ക് എത്താൻ വെറും നാല് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ അപ്രതീക്ഷിതമായ അടിയൊഴുക്കുകൾ തടയാൻ മൂന്നു മുന്നണികളും ശ്രമിക്കുകയാണ്.