തൊടുപുഴ;കൃഷിക്കും വിളവെടുപ്പിനും ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും സ്വയം നിർമ്മിച്ച് നാട്ടിലെ താരമായി കൊച്ചേട്ടനും സോയിയും. തൊടുപുഴ വണ്ണപ്പുറം ഒറകണ്ണി താഴത്തെക്കുടിയിൽ മാത്യു(കൊച്ചേട്ടൻ)വും മകൻ സോയിയുമാണ് കൃഷിയിക്കും വിളവെടുപ്പിനുമായി ഉപകരണങ്ങളും യന്ത്രങ്ങളും സ്വയം നിർമ്മിച്ച് നാട്ടുകാരുടെയും കൃഷിവിദഗ്ധരുടെയും ശ്രദ്ധനേടിയിട്ടുള്ളത്.

മെതിയന്ത്രം, നിലത്തുനിന്നുകൊണ്ടുതന്നെ പ്ലാവിൽ നിന്നും ചക്ക ഒരുപോറൽ പോലും ഏൽക്കാതെ താഴെ എത്തിയിക്കുന്നതിനുള്ള ഉപകരണം, തൊരപ്പന്മാരെ മാളത്തിലെത്തി കുടുക്കുന്ന എലിപ്പെട്ടി, ട്രില്ലർ എന്നിവയാണ് ഇവർ ഇരുവരും ചേർന്ന് നിർമ്മിച്ചിട്ടുള്ളത്.ഇതിൽ ട്രില്ലർ പ്രവർത്തനസജ്ജമായിട്ട് ഒരാഴ്ച പിന്നിടുന്നതെയുള്ളു.അൽപ്പമൊന്നുപരിശ്രമിച്ചാൽ ചെറുകിട കൃഷിക്കാർക്ക് ഇത് പ്രയോജനപ്പെടുത്താമെന്നും വലിപ്പം കുറവായതിനാൽ എളുപ്പത്തിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റാമെന്നുള്ളതാണ് ഇതിന്റെ പ്രധാന സവിശേതയെന്നും സോയി പറഞ്ഞു.

തറഞ്ഞുകിടക്കുന്ന മണ്ണുപോലും ഇത് ഉപയോഗിച്ച് ഉഴുത് കൃഷിക്ക് പരുവപ്പെടുത്താമെന്നും സ്വന്തം കൃഷിയടത്തിൽ ഉപയോഗിച്ച് ഇക്കാര്യം സ്ഥിരീകരിച്ചതായും സോയി കൂട്ടിച്ചേർത്തു.ബൈക്കിന്റെ എഞ്ചിനാണ് ഇതിന്റെ പ്രധാന ഭാഗം.ട്രില്ലർ നിർമ്മിക്കുക എന്ന ആശയം മനസ്സുലുദിച്ചപ്പോൾ ആദ്യം ബോട്ടിന്റെ യന്ത്രം അന്വേഷിച്ചിരുന്നെന്നും ഇത് ലഭിക്കാത്ത സാഹചര്യത്തിലാണ് ബൈക്കിന്റെ എഞ്ചിൻ പ്രയോജനപ്പെടുത്തി ട്രില്ലർ നിർമ്മിച്ചതെന്നും സോയി പറഞ്ഞു.

വർക്കഷോപ്പുകാരനിൽ നിന്നും 3500 രൂപയ്ക്കാണ് സി റ്റി-100-ന്റെ എഞ്ചിൻവാങ്ങിയത്. ശേഷം അനുബന്ധഭാഗങ്ങൾ വിട്ടിലിരുന്ന് സ്വയം നിർമ്മിച്ചു.രൂപകൽപ്പനയും വെൽഡിങ് ഉൾപ്പെടെയുള്ള ജോലികളും താനും പിതാവും ചേർന്നാണ്് പൂർത്തിയാക്കിയത് 15 ദിവസത്തോളം നീണ്ടുനിന്ന നിർമ്മാണ പ്രവർത്തനത്തിന് ആകെ മുടക്ക് 7500 രൂപമാത്രം.സോയി കൂട്ടിച്ചേർത്തു.

തന്റെ പുരയിടത്തിലെ തറഞ്ഞുകിടന്നിരുന്ന മണ്ണിലായിരുന്നു സോയി ട്രില്ലറിന്റെ പ്രവർത്തനം ആദ്യം പരീക്ഷിച്ചിത്.ഏതാണ്ട് ബൈക്ക് ഓടിക്കുന്ന തരത്തിലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്.സ്റ്റാർട്ടാക്കുന്നതിനും ഗിയർ മാറ്റുന്നതിനും പ്രത്യേക ലിവറുകളും സ്ഥാപിച്ചിട്ടുണ്ട്.ചെറിയ കൃഷിയിടങ്ങൾക്ക് ഈ ട്രില്ലർ മതിയാവുമെന്നാണ് കൊച്ചേട്ടന്റെയും സോയിയുടെയും നേർസാക്ഷ്യം.

തൊട്ടുമുമ്പ് നിർമ്മിച്ച ചക്കപറിക്കുന്ന ഉപകരണം സവിശേഷതകളാൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നിലത്തുനിന്ന് 100 -അടിയിലേറെ ഉയരത്തിൽ പ്ലാവിൽക്കിടക്കുന്ന ചക്ക ഒരുപോറൽ പോലുമേൽക്കാതെ താഴെ എത്തിക്കാൻ കഴിയുമെന്നതാണ് ഈ ഉപകരണത്തിന്റെ പ്രധാന പ്രത്യേകത.കഴിഞ്ഞ സീസണിൽ അയൽവാസികളിൽ ഏറെപ്പേരും ഈ ഉപകരണത്തിന്റെ കൃത്യത നേരിൽ ബോദ്ധ്യപ്പെട്ടവരാണ്.ആവശ്യക്കാർ സമീപിക്കുമ്പോൾ സോയിയാണ് ഉപകരണവുമായി എത്തി,ചക്ക താഴെയിറക്കിയത്.

കണ്ടുപിടുത്തം നാട്ടിൽ ചർച്ചയായ സാഹചര്യത്തിൽ കൃഷിവിദഗ്ദ്ധർ സോയിയുടെ വീട്ടിലെത്തി ഉപകരണത്തിന്റെ പ്രവർത്തനം വിലയിരുത്തിയിരുന്നു.അനുമതി ലഭിച്ചാൽ ഉപകരണം ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനാണ് സോയി ലക്ഷ്യമിട്ടിട്ടുള്ളത്.1500-രൂപയിൽ താഴെ മാത്രമാണ് ഇതിന്റെ നിർമ്മാണച്ചെലവ്. തൊരപ്പനെ പികൂടാൻ ലക്ഷ്യമിട്ട് നിർമ്മിച്ച ദീർഘചതുര രൂപത്തിലുള്ള എലിപ്പെട്ടിക്കും നിരവധി പ്രത്യേകതകളുണ്ട്.രണ്ടുവശത്തും വാതിലുകളുള്ളതാണ് പ്രധാന സവിഷേഷത.കഷ്ടി ഒന്നര അടി നീളവും 4 ഇഞ്ചോളം വീതിയുമുള്ളതാണ് പെട്ടി.ഇതിൽ ഘടിപ്പിച്ചിട്ടുള്ള കമ്പിക്കഷണത്തിൽ എലകൾക്കിഷടമുള്ള ഭക്ഷ്യവസ്തുക്കളിൽ ഏതെങ്കിലും തൂക്കിയിടും.

തുടർന്ന് പെട്ടി പരമാവധി എലിയുടെ മാളത്തിനുള്ളിലേയ്ക്ക് കയറ്റി ഒട്ടും പുറത്തുകാണാത്തരീതിയിൽ മണ്ണിൽമൂടിവയ്ക്കുന്നു.മാളത്തിൽ നിന്നുപുറത്തിറങ്ങുന്ന വഴിക്കോ,മാളത്തിലേയ്ക്ക് കയറുമ്പോഴോ മുന്നിൽക്കാണുന്ന ഭക്ഷ്യവസ്തുവിൽ എലി കടിച്ചാൽ ഇരുവശത്തുമുള്ള വാതിലുകൾ ഒപ്പം അടയും.ഈ ഉപകരണം ഉപയോഗിച്ച് 3 വർഷം കൊണ്ട് 1500 -ളം തുരപ്പന്മാരെ പികൂടിയിട്ടുണ്ടെന്ന് കോച്ചേട്ടൻ പറഞ്ഞു.
മെതിയെന്ത്രം ഇപ്പോഴും പ്രവർത്തനസജ്ജമാണെന്നും നിർമ്മിച്ചയുടൻ സമീപപ്രദേശങ്ങളിലെ നെൽകൃഷിക്കാരെത്തി പ്രവർത്തനം വീക്ഷിച്ചിരുന്നെന്നും തുടർന്ന് ഇവരിൽപലരും സ്വന്തം ആവശ്യത്തിലേയ്ക്കായി ഈ യന്ത്രം ഉപയോഗിച്ചെന്നും ഇപ്പോൾ നെല്ലില്ലാതായതോടെ യന്ത്രം ആവശ്യപ്പെട്ട് ആരും എത്താറില്ലന്നും കൊച്ചേട്ടൻ വിശദമാക്കി.80-പിന്നിട്ട പിതാവാണ് കണ്ടുപിടുത്തങ്ങളുടെയെല്ലാം ആണിക്കല്ലെന്ന് സോയി വെളിപ്പെടുത്തി.

പലപ്പോഴും കൃഷിയിടത്തിൽ നിൽക്കുമ്പോഴായിരിക്കും ആശയങ്ങൾ ഉടലെടുക്കുക.പിന്നെ ഇത് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള നെട്ടോട്ടമാണ്.ഇതിന് മകന്റെയും കുടുബത്തിന്റെ പൂർണ്ണ പിൻതുണയുമുണ്ട്.ഇതാണ് കണ്ടുപിടുത്തങ്ങളുടെ സാക്ഷാൽക്കാരത്തിന് വഴിതെളിച്ചത്.കൊച്ചേട്ടൻ പറഞ്ഞു.പ്രായം തന്റെ കർമ്മപഥത്തിൽ ഒരു ഘടകമെ അല്ലെന്ന പക്ഷക്കാരനാണ് കൊച്ചേട്ടൻ.ഇതുവരെ നിർമ്മിച്ച ഉപകരണങ്ങളുടെയും ട്രില്ലറിന്റെയുമെല്ലാം രൂപകൽപ്പനയിലും നിർമ്മിതിയിലും മകനോടൊപ്പം തോളുടുതോൾ ചേർന്നായിരുന്നു കൊച്ചേട്ടന്റെ പ്രവർത്തനം.

പരിചയസമ്പന്നരോട് ചോദിച്ച് മനസ്സിലാക്കിയാണ് ഉപകരണങ്ങളുടെ നിർമ്മാണത്തിനായുള്ള സാങ്കേതിക പരിജ്ഞാനം താൻ സ്വന്താമാക്കിയിരുന്നതെന്നും മകനും ഇതെ രീതിയാണ് പിൻതുടരുന്നതെന്നും ഭാവിയിലും ഇത്തരം കണ്ടുപിടുത്തങ്ങളിൽ സജീവമാവുന്നതിനാണ് മനസ്സുകൊണ്ട് ലക്ഷ്യമിട്ടിള്ളതെന്നും കൊച്ചേട്ടൻ പറഞ്ഞു.അടുത്ത കണ്ടുപിടുത്തം എന്തായിരിക്കുമെന്ന് ചോദിച്ചപ്പോൾ ആവശ്യം വരുമ്പോഴല്ലെ ...അപ്പോൾ നോക്കാമെന്നായിരുന്നു നിറചിരിയോടെയുള്ള കൊച്ചേട്ടന്റെ മറുപടി.