തൊടുപുഴ: പൊലീസ് തന്നെ അനാവശ്യമായി നടുറോഡിൽ തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതായി കാണിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതർക്ക് ആശുപത്രി ജീവനക്കാരൻ പരാതി നൽകി.

തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിൽ ഓപ്പേറേഷൻ തീയേറ്റർ നഴ്സ് ആയി ജോലി ചെയ്യുന്ന ടുക്കി കുടയത്തൂർ അരീക്കാട്ട് വീട്ടിൽ ജിന്റോ തോമസ് ആണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.പരാതിയുടെ പൂർണ്ണരൂപം ചുവടെ..

ഞാൻ ജിന്റോ തോമസ്, തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിൽ ഓപ്പേറേഷൻ തീയേറ്റർ നഴ്സ് ആയി ജോലി ചെയ്യുന്നു. ഇന്നലെ (24/4/2021) രാവിലെ 8.40 ന് ഞാൻ ഡ്യൂട്ടിക്ക് പോകുന്ന സമയത്ത് മുട്ടം ടൗണിൽ ലോക് ഡൗൺ ആയതിനാൽ അവിടെ വച്ച് എന്നെ മുട്ടം പൊലീസ് തടയുകയും വേണ്ട രേഖകൾ ചോദിക്കുകയും ചെയ്തു.

അവർ ചോദിച്ചത് അനുസരിച്ച് എല്ലാ രേഖകളും ഹോസ്പിറ്റൽ ഐഡി കാർഡും ഞാൻ ഹാജരാക്കി, എന്നിട്ടും ബന്ധപ്പെട്ട അധികൃതർ എന്നെ അവിടെ അനാവശ്യമായി അരമണിക്കൂർ തടഞ്ഞു നിർത്തുകയും ആയതിനാൽ എന്റെ ഡ്യൂട്ടിയിൽ എത്താൻ താമസിക്കുകയും ചെയ്തു. അതിൽ അനൂപ് എന്ന കോൺസ്റ്റബിൾ റാങ്കിൽ ഉള്ള ഡ്രൈവർ എന്നെ പിടിച്ചു തള്ളുകയും അസഭ്യം പറയുകയും കൂടാതെ കോവിഡ് ചട്ടലംഘനമെന്ന പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ഒരു ആരോഗ്യ പ്രവർത്തകൻ എന്ന പരിഗണന പോലും നൽകാതെ എന്നെ പരസ്യമായി അപമാനിക്കുകയും മനോവിഷമം ഉണ്ടാക്കുകയും ചെയ്തു ആയതിനാൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു.ഇടുക്കി ,കുടയത്തൂർ ,അരീക്കാട്ട് വീട്ടിൽ ജിന്റോ തോമസ്.

മുഖ്യമന്ത്രിയിക്കുപുറമെ ആരോഗ്യവകുപ്പ് മന്ത്രി, ഡി ജി പി എന്നിവർക്കും ഇ-മെയിലിൽ പരാതി സമർപ്പിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിയിക്കുന്നതെന്നും ജിന്റോ മറുനാടനോട് വ്യക്തമാക്കി.