കണ്ണൂർ: ക്രിമിനലുകൾ ബോംബും കത്തിയുമായി നഗരത്തിൽ തേർവാഴ്ച നടത്തുമ്പോഴും പൊലീസ് സംവിധാനം തീർത്തും നിഷ്‌ക്രിയമായിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. തോട്ടടയിൽ യുവാവ് കൊല്ലപ്പെടാനിടയായ സംഭവത്തിലെ കുറ്റക്കാരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നും ബോംബ് നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കൂടി കണ്ടെത്തണമെന്നും മാർട്ടിൻ ജോർജ്ജ് ആവശ്യപ്പെട്ടു.

'തോട്ടടയിൽ പട്ടാപ്പകലാണ് ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടത്. പകൽവെളിച്ചത്തിലും ബോംബുകളുമായി ക്രിമിനലുകൾക്ക് തേർവാഴ്ച നടത്താൻ സാധിക്കുന്നുവെന്നത് നിസാര കാര്യമല്ല. രണ്ടാഴ്ച മുമ്പാണ് പയ്യാമ്പലത്തെ ഹോട്ടലുടമയായ യുവാവിനെ നിസാര വാക്കുതർക്കത്തിൽ കുത്തിക്കൊലപ്പെടുത്തിയത്. തോട്ടടയിൽ യുവാവ് ബോംബേറിൽ കൊല്ലപ്പെട്ടിട്ടും അവിടെ പൊലീസെത്തുന്നത് വൈകിയാണ്. പൊലീസ് ഇൻക്വസ്റ്റ് നടപടികളും നീണ്ടു പോയി.' -അദ്ദേഹം പറഞ്ഞു.

കെ റെയിൽ കുറ്റികൾക്ക് കാവലിരിക്കൽ മാത്രമാണോ പൊലീസിന്റെ പണിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനകീയ സമരങ്ങളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികളെ പോലും ഓടിച്ചിട്ടു പിടിക്കാൻ പൊലീസ് കാണിക്കുന്ന ഉത്സാഹം ക്രിമിനലുകളോട് കാണിക്കാത്തതിന്റെ പരിണിതഫലമാണ് ഇപ്പോൾ കാണുന്നത്.

തോട്ടടയിലെ കല്ല്യാണവീട്ടിൽ കഴിഞ്ഞദിവസം രാത്രി നടന്ന പാട്ടിനെ ചൊല്ലിയുള്ള തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. രാത്രിയുള്ള വാക്കേറ്റവും കയ്യാങ്കളിയും നാട്ടുകാർ പരിഹരിച്ചിരുന്നു. എന്നാൽ, ഇതിന്റെ പകയടങ്ങാതെ ഒരുസംഘം ബോംബുമായി വിവാഹദിനമായ ഇന്ന് വീണ്ടും എത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തോട്ടടയിലെ മനോരമ ഓഫിസിന് സമീപം കല്ല്യാണവീടിനോട് ചേർന്നാണ് അക്രമമുണ്ടായത്.

കണ്ണൂർ ഏച്ചൂർ സ്വദേശി ജിഷ്ണു (26)വാണ് കൊല്ലപ്പെട്ടത്. അക്രമിസംഘം എതിർസംഘത്തിനെതിരെ ആദ്യമെറിഞ്ഞ നാടൻ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമതെറിഞ്ഞ ബോംബ് സംഘാംഗമായ ജിഷ്ണുവിന്റെ തലയിൽകൊണ്ട് പൊട്ടുകയായിരുന്നു. സ്‌ഫോടനത്തിൽ തലയോട്ടി പൊട്ടിച്ചിതറിയ ജിഷ്ണു തൽക്ഷണം അവിടെത്തന്നെ കൊല്ല?പ്പെട്ടു. മണിക്കൂറുകൾ കഴിഞ്ഞാണ് മൃതദേഹം അവിടെനിന്ന് മാറ്റിയത്.