തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്‌സ് ലിമിറ്റഡിൽ നിന്ന് ഫർണസ് ഓയിൽ കടലിലേക്ക് ഒഴുകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. ഇതിനായി മൂന്നം​ഗ സംഘത്തെ വ്യവസായ വകുപ്പ് നിയോ​ഗിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്, മലബാർ സിമന്റ്‌സ് എം.ഡി. എം.മുഹമ്മദ് അലി, കെ.എം.എം.എൽ. എം.ഡി. എസ്.ചന്ദ്രബോസ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ. 10 ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങൾ സമർപ്പിക്കാനുമായാണ് മൂന്നംഗം സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഓയിൽ ചോർന്ന സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. എണ്ണ ചോർച്ചയെക്കുറിച്ച് കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയത്. കാരണക്കാരായ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകും. കാലപ്പഴക്കം ചെന്ന ഉപകരണങ്ങളും ചോർച്ചയ്ക്ക് ആക്കം കൂട്ടിയെന്നാണ് കണ്ടെത്തൽ. റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും. സർക്കാർ നിശ്ചയിക്കുന്ന നഷ്ടപരിഹാരം പ്രദേശവാസികൾക്ക് കമ്പനി നൽകും.

ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് ഗ്ലാസ് ഫർണസ് പൈപ്പ് പൊട്ടി ഫർണസ് ഓയിൽ ഓട വഴി കടലിലേക്കൊഴുകിയത്. ഫർണസ് ഓയിൽ വേളി മുതൽ പുതുക്കുറുച്ചി വരെ കടലിൽ വ്യാപിച്ചിരുന്നു. ഓയിൽ ലീക്കേജുണ്ടായ സാഹചര്യത്തിൽ വേളി, ശംഖുമുഖം കടൽതീരങ്ങളിലും കടലിലും പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചിരുന്നു.

ഇന്നലെ പുലർച്ചെയാണ് ചോർച്ച കണ്ടെത്തിയത്. പുലർച്ചെ കടലിൽപ്പോയ മൽസ്യത്തൊഴിലാളികളാണ് ഇത് ആദ്യം കണ്ടത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ചോർച്ച അടച്ചെന്നും ഓയിലിന്റ അവശിഷ്ടം നീക്കാൻ നടപടി തുടങ്ങിയെന്നും കമ്പനി അധികൃതർ പിന്നീട് അറിയിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കടലിലേക്ക് എത്രത്തോളം എണ്ണ പടർന്നെന്നറിയാൻ കോസ്റ്റ്ഗാർഡും നിരീക്ഷണം നടത്തി. കറുത്ത നിറത്തിൽ ഫ‌ർണസ് ഓയിൽ രണ്ട് കിലോമീ‌റ്റർ ദൂരം കടലിൽ പടർന്നിട്ടുണ്ടെന്ന് മത്സ്യ തൊഴിലാളികൾ വ്യക്തമാക്കിയത്. സ്ഥലത്തെത്തിയ എംഎൽഎ വി എസ് ശിവകുമാറിനോടും മ‌റ്റ് ജനപ്രതിനിധികളോടും ടൈ‌റ്റാനിയം അധികൃതരോടും മത്സ്യ തൊഴിലാളികൾ കടുത്ത ആശങ്ക അറിയിച്ചു. സ്ഥലത്ത് മീനുകൾ ചത്തുപൊന്തിയതായും മത്സ്യബന്ധനം നടത്താനാകില്ലെന്നും തങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നുമായിരുന്നു തൊഴിലാളികളുടെ ആവശ്യം.