ചേർത്തല: പുരാവസ്തു സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ മൂന്നു ആഡംബരക്കാറുകൾ കൂടി ചേർത്തലയിൽ കണ്ടെത്തി. അറസ്റ്റിനു മുമ്പ് മോൺസൻ കളവംകോടത്തെ വർക്ക് ഷോപ്പിൽ അറ്റക്കുറ്റപ്പണികൾക്കായാണ് ഉത്തരേന്ത്യൻ രജിസ്ട്രേഷനിലുള്ള മൂന്ന് കാറുകൾ നൽകിയിരുന്നത്. സഹായികൾ വഴിയാണ് ഇവിടെ കാറുകൾ എത്തിച്ചത്.

പഞ്ചാബ് രജിസ്ട്രേഷനിലുള്ള ബെൻസ്, കർണാടക രജിസ്ട്രേഷനിലുള്ള പ്രാഡോ, ചത്തിസ്ഘട്ട് രജിസ്ട്രേഷനിലെ ബിഎംഡബ്ല്യൂ കാറുകളാണിവ. വിവരം വർക്ക് ഷോപ്പ് അധികൃതർ ക്രൈംബ്രാഞ്ചിനു കൈമാറി. ഇവയുടെ നിലവിലെ രജിസ്ട്രേഷൻ വിവരങ്ങൾ മോട്ടോർവാഹനവകുപ്പ് പരിശോധിക്കുന്നുണ്ട്.

മോൺസൺ മാവുങ്കലിനെ ചേർത്തലയിലെ വസതിയിൽ വച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുമ്പോൾ വീടിന് പുറത്ത് രണ്ട് ആഢംഭര കാറുകളുണ്ടായിരുന്നു. ഒന്ന് മോൺസനും മറ്റൊന്ന് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുമായിരുന്നു സഞ്ചരിച്ചിരുന്നത്. ആഢംഭര വാഹനങ്ങൾ എല്ലാം തന്നെ അന്തർ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തവയാണ്. എന്നാൽ മോൺസൺ മാവുങ്കന്റെ പേരിൽ കാറുകളൊന്നും തന്നെ ഇല്ല.