ബെംഗളൂരു: ബെംഗളുരുവിൽ വിൻസൺ ഗാർഡനിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. ആൾത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു മെട്രോയുമായി ബന്ധപ്പെട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടത്തിൽ വലിയ കുലുക്കം അനുഭവപ്പെട്ടതായി തൊഴിലാളികൾ കരാറുകാരനെ അറിയിച്ചിരുന്നു.

എന്നാൽ തൊഴിലാളികളെ ഇവിടെ നിന്ന് മാറ്റാൻ കരാറുകാരൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തൊഴിലാളികൾ തന്നെ സ്ഥലത്ത് നിന്ന് ഒഴിഞ്ഞ് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ഇതോടെയാണ് വലിയ അപകടം ഒഴിവായത്. മൂന്ന് നില കെട്ടിടം തകർന്ന് വീണതോടെ സമീപത്തെ കെട്ടിടങ്ങളിലും വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങൾക്ക് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്ക് എടുക്കും.