തൃശൂർ: സല്യൂട്ട് വിവാദം ഒന്നടങ്ങിയപ്പോഴേക്കും ദാ വന്നു ഫ്‌ളക്‌സ് വിവാദം. താനിതൊന്നും വ്യക്തിപരമായല്ല, പദവിയുടെ വില കുറച്ചുകാണിക്കുന്നതിന് എതിരായ പ്രതിഷേധം എന്നാണ് തൃശൂർ മേയർ എം കെ വർഗ്ഗീസ് പറയുക. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കുന്നു.

വിജയ ദിനാചരണത്തിനായി പൂങ്കുന്നം ഗവ. സ്‌കൂളിൽ സ്ഥാപിച്ച ബോർഡിലെ ഫോട്ടോ ചെറുതായി പോയി എന്നാണ് ഒടുവിലത്തെ പരാതി.താനല്ല, ആര് മേയറായാലും ഇങ്ങനെ കണ്ടാൽ വേദനിക്കുമെന്നും മേയർ പദവിയെ ആര് താഴ്‌ത്തി കെട്ടാൻ ശ്രമിച്ചാലും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

'മേയറുടെ പടം ചെറുതാക്കിയപ്പോൾ എം.കെ.വർഗീസിനു വേദനിച്ചില്ല. പക്ഷേ, മേയർക്കു വേദനിച്ചു. കോർപറേഷന്റെ കീഴിലുള്ള സർക്കാർ സ്‌കൂളിൽ മേയർ മുഖ്യാതിഥിയും ഉദ്ഘാടകനും അദ്ധ്യക്ഷനും പുറത്തുനിന്നുള്ളവരുമാകുമ്പോൾ മേയർക്കു വേദനിക്കും. ഏറ്റവും അവസാനം ചെറുതാക്കി മേയറുടെ ഫോട്ടോ കൊടുത്തിരിക്കുന്നു.എം.കെ.വർഗീസിന് ഇതു പ്രശ്നമല്ല. മേയർക്കു പ്രശ്‌നമാണ്. മേയർ പദവിയെ താഴ്‌ത്തിക്കെട്ടാൻ ആരു ശ്രമിച്ചാലും ഞാനീ കസേരയിലുള്ളിടത്തോളം കാലം എതിർക്കും. ഞാനല്ല ആരു മേയറായാലും അപമാനിക്കാൻ പാടില്ല.'-അദ്ദേഹം പറഞ്ഞു.

പൊലീസ് സല്യൂട്ടടിക്കാത്തതിന്റെ പേരിലുണ്ടായ വിവാദത്തിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. 'എനിക്കു തന്ന പ്രോട്ടോക്കോൾ നിയമത്തിൽ മേയറുടെ പദവി കാണിച്ചിരിക്കുന്നത് ഡെപ്യൂട്ടി സ്പീക്കറുടെ താഴെയാണ്. അത് എംപിക്കും എംഎൽഎയ്ക്കും മുകളിലുമാണ്. ആ പദവിക്കു സല്യൂട്ട് ഉണ്ടോ എന്ന സംശയമാണു ഞാൻ ഡിജിപിയോടു ചോദിച്ചത്. എനിക്കു സംശയം ചോദിക്കാൻ അധികാരമില്ലേ? ഞാൻ രേഖാമൂലം ചോദിച്ചതിന് ഒരു വർഷമായിട്ടും ഡിജിപി മറുപടി നൽകിയിട്ടില്ല.അവർ പറയട്ടെ മേയർമാർക്കു സല്യൂട്ടില്ലെന്ന്. ആ സമയത്തുണ്ട്, ഈ സമയത്തില്ല എന്നൊന്നും പറഞ്ഞാൽ പോരാ. എം.കെ.വർഗീസിനു സല്യൂട്ടിനു വേണ്ടി ചോദിച്ചതല്ല. മേയർമാർക്കു വേണ്ടി ചോദിച്ചതാണ്. കേരളത്തിലെ മുഖ്യമന്ത്രി മേയറുടെ ഏതു കത്തിനും ഏഴ് ദിവസത്തിനകം മറുപടി നൽകും. മറുപടി കിട്ടി എന്നുറപ്പു വരുത്തുകയും ചെയ്യും. പൊലീസിന് ഈ മര്യാദ പാലിക്കേണ്ട എന്നുണ്ടോ?'

പൂങ്കുന്നം സ്‌കൂൾ വിവാദം

പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയുടെ ബോർഡിൽ തന്റെ ഫോട്ടോ എംഎൽഎയുടെ ഫോട്ടോയെക്കാൾ ചെറുതായതിൽ പ്രതിഷേധിച്ചാണ് മേയർ എം കെ വർഗ്ഗീസ് അവിടത്തെ വിജയദിനാഘോഷം ബഹിഷ്‌കരിച്ചത്. വിവാദത്തെ തുടർന്ന് ഉദ്ഘാടനം ചെയ്യേണ്ട പി ബാലചന്ദ്രൻ എംഎൽഎ സ്ഥലത്തെത്തിയില്ല.ഇരുവരുടെയും അഭാവത്തിൽ മുഖ്യാതിഥിയായ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

വേദിയിൽ കയറാൻ കൂട്ടാക്കാതിരുന്ന മേയർ എം കെ വർഗീസ്, പ്രോട്ടോക്കോൾ പ്രകാരം എംഎൽഎയെക്കാൾ വലുത് താനാണെന്നും ഫ്ളക്‌സിൽ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിൻസിപ്പലിനോട് പരാതി പറഞ്ഞശേഷമാണ് മടങ്ങിയത്. നേരത്തെ പൊലീസ് ഉദ്യോഗസ്ഥർ തനിക്ക് സല്യൂട്ട് നൽകാത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന മേയർ വർഗ്ഗീസിന്റെ പരാതി വിവാദമായിരുന്നു. ഇതിൽ ഡിജിപിക്ക് മേയർ പരാതി നൽകുകയും ചെയ്തിരുന്നു.