തൃശ്ശൂർ: തൃശ്ശൂർ പൂരം ഐപിഎൽ മാതൃകയിൽ നടത്താൻ ആലോചന. കാണികളെ ഒഴിവാക്കി കൊണ്ട് തൃശ്ശൂർ പൂരം നടത്താനുള്ള ആലോചനകളാണ് ഇപ്പോൾ നടക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് വൈകീട്ടുണ്ടാകും. ചുരുക്കം ചില സംഘാടകരെയും ആനക്കാരേയും മേളക്കാരെയും ഉൾപ്പെടുത്തികൊണ്ട് പൂരം നടത്താം എന്ന് ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേവസ്വങ്ങൾ അറിയിക്കും. ഇങ്ങനെ പൂരം നടത്താൻ ദേവസ്വങ്ങൾ തമ്മിൽ ധാരണയായിട്ടുണ്ട്.

മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശത്തിനനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറാണ് എന്ന നിലപാടിലാണ് നിലവിൽ ദേവസ്വങ്ങൾ എത്തിയിരിക്കുന്നത്. ദൃശ്യ, നവ മാധ്യമങ്ങളുടെ സഹായത്തോടെ ദേശക്കാർക്ക് തൽസമയം പൂരം കാണാൻ അവസരം ഒരുക്കും. സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് ഇത്തരത്തിലൊരു അഭിപ്രായത്തിലേക്ക് ദേവസ്വങ്ങൾ മുന്നോട്ടുവെച്ചത്.

ഇന്ന് വൈകിട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം അറിയിക്കും. ആളുകൾ തിങ്ങി നിൽക്കുന്ന അവസ്ഥ ഒഴിവാക്കിയാൽ കോവിഡ് വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം തില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉൽക്കൊള്ളിച്ചുകൊണ്ട് മേളം നടത്താം എന്ന തീരുമാനം ദേവസ്വങ്ങൾ കൈകൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാൻ. ഇതുവഴി സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അംഗീകരിക്കാൻ സംഘാടകർ തയ്യാറാകാനാണ് സാധ്യത.

തൃശൂർ പുറത്തിന് പങ്കെടുക്കുന്നതിനായി കൊവിഡിന്റെ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രമേ പൂരത്തിൻ പങ്കെടുക്കാൻ പാടു എന്ന് സംസ്ഥാന സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പൂരവുമായി ബന്ധപ്പെട്ട് ക്രമസമാധാനം പാലിക്കുന്നതിനായി പ്രത്യേക ഉത്തരവും പുറത്തിറക്കിയിരുന്നു. പൂരത്തിന്റെ ഭാരവാഹികൾ, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാർ, പാപ്പാന്മാർ, ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കായായിരുന്നു ക്രിമിനൽ നടപടി നിയമം 144 ആം വകുപ്പ് പ്രകാരമുള്ള പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.

ഏപ്രിൽ 23, 24 തീയതികളിൽ ഘടക പൂരങ്ങൾക്കെത്തുന്നവർ നിശ്ചിത സമയത്തുതന്നെ ആരംഭിച്ച് നിശ്ചിത സമയത്തുതന്നെ അവസാനിപ്പിക്കണം. ആനകളെ എഴുന്നള്ളിക്കുന്നതുമായും വെടിക്കെട്ട് നടത്തുന്നതുമായും ബന്ധപ്പെട്ട സുപ്രീം കോടതി, ഹൈക്കോടതി, സർക്കാർ ഉത്തരവുകൾ പാലിക്കണം. എല്ലും നിർദ്ദേശിച്ചിരുന്നു. എന്നാൽ കർശന നടപടികളുടെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പ് പ്രയാസകരമാകുമെന്നായിരുന്നു ദേവസ്വം വകുപ്പിന്റെ പ്രതികരണം. പാപ്പാന്മാർക്ക് ആർടിപിസിആർ നിർബന്ധം ആക്കരുത് എന്നതുൾപ്പെടെയുള്ള തീരുമാനങ്ങളായിരുന്നു ദേവസ്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.

എന്നാൽ ഇതിൽ നിന്നും ഭിന്നമായി സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കാണികളെ ഒഴിവാക്കി പൂരം നടത്താം എന്ന് ദേവസ്വങ്ങൾ അറിയിച്ചതായ റിപ്പോർട്ടുകളാണ് നിലവിൽ പുറത്തുവരുന്നത്. ചടങ്ങുകൾ വെട്ടിചുരുക്കാതെ കാണികളെ കുറച്ചുകൊണ്ട് പൂരം നടത്തണം എന്ന നിലപാടാകും ദേവസ്വങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്. കോടിയേറ്റിന് വലിയ നിലയിൽ തന്നെയുള്ള ജനപങ്കളിത്തമാണ് ഉണ്ടായിരുന്നത്. പൂരത്തിന് ജനങ്ങൾ ഒത്തുകൂടിയാൽ രോഗവ്യാപനത്തിന്റെ തോത് വർദ്ധിക്കുമെന്ന ആശങ്കയാണ് സർക്കാർ മുന്നോട്ടുവെയ്ക്കുന്നത്. ആളുകൾ കൂടുതലായി പങ്കെടുക്കാനിടയുള്ള രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള കൂടമാറ്റം ഒരു മണിക്കൂറായി ചുരുക്കിയിരുന്നു. ഇതിന്റെ സമയപരിധി ഇനിയും കുറയ്ക്കാൻ സാധിക്കുമോ എന്നതുൾപ്പെടെയുള്ള ചർച്ചകളാണ് സർക്കാർ പ്രതിനിധികളും ദേവസ്വവും നടത്തുന്നത്.