ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർത്ഥികൾക്ക് സ്വതന്ത്രരായി മത്സരിക്കേണ്ടി വന്നത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കാൻ വൈകിയതും ചിഹ്നം ലഭിക്കാൻ വൈകിയതും ചിഹ്നം ലഭിക്കാത്തതും പ്രവർത്തനത്തെ ബാധിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തെയും ഇത് പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹ പറഞ്ഞു.

സംസ്ഥാനത്ത് ബിഡിജെഎസ് അഞ്ച് ശതമാനം സീറ്റുകളിൽ മാത്രമേ മത്സരിച്ചുള്ളൂ. ബിഡിജെഎസ് അംഗങ്ങളുടെ പിന്തുണ നിർണ്ണായകമായ പഞ്ചായത്തുകളിൽ എൻഡിഎ തീരുമാനം അനുസരിച്ച് നിലപാടെടുക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പലയിടങ്ങളിലും എൽഡിഎഫും യുഡിഎഫും ക്രോസ് വോട്ടിങ് നടത്തിയിട്ടും എൽഡിഎക്ക് നാനൂറോളം സീറ്റുകൾ വർധിപ്പിക്കാനും കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ സാന്നിദ്ധ്യമുറപ്പിക്കാനും കഴിഞ്ഞത് ബിഡിജെഎസിന്റെ പ്രവർത്തനം കൊണ്ടു കൂടിയാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

മുന്നണി യോഗം കഴിഞ്ഞാലുടൻ നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് മുന്നോട്ട് പോവുമെന്നും അകന്നു നിൽക്കുന്ന പ്രവർത്തകരെ പാർട്ടിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.