കറാച്ചി: ടിക്ക് ടോക്കിൽ വൈറലാകാൻ പലവിധത്തിലുള്ള അഭ്യാസങ്ങളും ആളുകൾ കാണിക്കാറുണ്ട്. ഇത്തരമൊരു അഭ്യാസം പാക്കിസ്ഥാനിലെ വൈറൽ ടിക്ക് ടോക്ക് താരം കാണിച്ചപ്പോൾ അത് നാട്ടിലെ വലിയ പ്രശ്‌നമായി മാറി. ടിക് ടോക്കിലൂടെ മരിച്ചെന്ന വാർത്ത പ്രഖ്യാപിച്ച ടിക് ടോക് താരത്തിന്റെ വാർത്തതാണ് പാക് സൈബർ ലോകത്ത് പുകിലായത്.

ടിക് ടോകിൽ ഏകദേശം 2.5 മില്യൺ ഫോളോവേഴ്സുള്ള പാക്കിസ്ഥാൻ ടിക് ടോക് താരം ആദിൽ രാജ്പുതാണ് തന്റെ മരണ വാർത്ത പ്രഖ്യാപിച്ചത്. താരത്തിന്റെ മരണവാർത്ത ഒരു പബ്ലിസിറ്റി സ്റ്റണ്ടായിരുന്നുവെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ പറയുന്നത്.

ആദിൽ രാജ്പുതിന്റെ ഭാര്യ ഫറ 'ആദിൽ ഇനി നമുക്കൊപ്പമില്ല' എന്നാണ് ടിക് ടോക് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. തനിക്കൊരു ഫോൺകോൾ ലഭിച്ചെന്നും ആദിലിന് അപകടം സംഭവിച്ചെന്നും അദ്ദേഹം മരിച്ചെന്നുമാണ് ഭാര്യ ടിക് ടോക്കിലൂടെ അറിയിച്ചത്. ഇതോടെ വിഡിയോ വൈറലായി. പ്രാദേശിക മോസ്‌കിൽ ആദിലിന്റെ മരണവാർത്ത ആചാരപരമായി അനൗൺസ് ചെയ്യുകയും ചെയ്തു. തുടർന്ന് നിരവധി ആരാധകർ ആദിലിന്റെ വീട്ടിലെത്തി.

എന്നാൽ, ഇതിനു പിന്നാലെ താരം ജീവനോടെയുണ്ടെന്നുള്ള വാർത്തയുമായി ഫറ വീണ്ടുമെത്തി. 'ആദിക്ക് അള്ളാ മറ്റൊരു ജീവിതം കൂടി നൽകിയിരിക്കുന്നു. ആദിൽ തല കറങ്ങി വീണെന്നും അപ്പോൾ മരിച്ചെന്ന് വിചാരിക്കുകയായിരുന്നെന്നും ഫറ രണ്ടാമത് അപ് ലോഡ് ചെയ്ത വീഡിയോയിൽ പറഞ്ഞു. പിന്നാലെ അടുത്തൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തലയിൽ ബാൻഡേജോടു കൂടി ആദിൽ ഇരിക്കുന്ന വീഡിയോയാണ് പ്രചരിച്ചത്. എന്നാൽ, ആരാധകർ ഇതിനെതിരെ ശക്തമായി രംഗത്തെത്തി. പ്രശസ്തി നേടേണ്ടത് ഇങ്ങനെയല്ലെന്ന് അവർ പറഞ്ഞു.