മെൽബൺ: സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ രാജിവെച്ച് ഒസീസ് ടെസ്റ്റ് ടീം ക്യാപ്റ്റൻ ടിം പെയ്ൻ. ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ക്യാപ്റ്റന്റെ രാജി.2017 ലാണ് പരാതിക്കാസ്പദമായ സംഭവം

2017-ൽ ഗാബയിൽ നടന്ന ആഷസ് ടെസ്റ്റിനിടെ ടിം പെയ്ൻ ഒരു വനിതാ സഹപ്രവർത്തകയ്ക്ക് തന്റെ മോശം ചിത്രവും അശ്ലീല സന്ദേശങ്ങളും അയച്ചുവെന്നതാണ് ആരോപണം. ലൈംഗികാതിക്രമം ആരോപിച്ച് പെയ്നിനെതിരേ ഓസ്‌ട്രേലിയൻ മനുഷ്യാവകാശ കമ്മീഷനിൽ പരാതി ലഭിച്ചതായും റിപ്പോർട്ടുണ്ട്.

ഹൊബാർട്ടിൽ നടന്ന ഒരു വാർത്താസമ്മേളനത്തിലാണ് പെയ്ൻ തന്റെ രാജിക്കാര്യം അറിയിച്ചത്.എന്നാൽ ആഷസ് പരമ്പരയ്ക്ക് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയുള്ള താരത്തിന്റെ രാജി ഓസ്ട്രേലിയൻ ടീം മാനേജ്മെന്റിന് തലവേദനയാകും. 2018 മാർച്ചിലാണ് ഓസീസ് ടെസ്റ്റ് ടീമിന്റെ 46-ാമത്തെ ക്യാപ്റ്റനായി ടിം പെയ്ൻ നിയമിക്കപ്പെട്ടത്.

ഓസ്ട്രേലിയൻ ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ ദക്ഷിണാഫ്രിക്കയിലെ പന്തുചുരണ്ടൽ വിവാദത്തിനു ശേഷം ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിന് വിലക്ക് ലഭിച്ചതോടെയാണ് പെയ്ൻ ക്യാപ്റ്റൻ സ്ഥാനത്തെത്തുന്നത്.