കോളറാഡോ: ടൈം മാഗസിന്റെ ഈവർഷത്തെ കിഡ് ഓഫ് ദി ഇയർ ആയി ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞയും ഇൻവെസ്റ്ററുമായ ഗീതാഞ്ജലി റാവു (15) തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ഇന്ത്യൻ വംശജയായ ഒരു കുട്ടിയെ ആദ്യമായാണ് കിഡ് ഓഫ് ദി ഇയർ ടൈം മാഗസിൻ തെരഞ്ഞെടുക്കുന്നത്.

കുടിവെള്ളത്തിൽ ലെഡിന്റെ അംശം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ആവശ്യമായ ഉപകരണം വികസിപ്പിച്ചെടുത്തതും, ഇന്റർനെറ്റ് സൈബർ ബുള്ളിയിങ് കണ്ടുപിടിക്കുന്നതിന് ആവശ്യമായ ഒരു ആപ്പ് വികസിപ്പിച്ചെടുത്തതുമാണ് ഗീതാഞ്ജലിയെ ഈ പ്രത്യേക അംഗീകാരത്തിന് അർഹയാക്കിയത്.

2005-ൽ കോളറാഡോയിലാണ് ഗീതാഞ്ജലി ജനിച്ചത്. 10 വയസുമുതൽ തന്നെ ഗവേഷണ രംഗത്ത് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു. 2017-ൽ ഡിസ്‌കവറി എഡ്യൂക്കേഷൻ 3 എം യംഗ് സയന്റിസ്റ്റായി തെരഞ്ഞെടുത്തിരുന്നു.

കോളറാഡോ സ്റ്റം സ്‌കൂൾ ഹൈലാന്റ് റാഞ്ച് വിദ്യാർത്ഥിനിയായ ഗീതാഞ്ജലി യൂണിവേഴ്സിറ്റി ഓഫ് കോളറാഡോയിലും മറ്റ് നിരവധി രംഗങ്ങളിലും ഗവേഷണം നടത്തിവരുന്നുണ്ട്. 2018-ൽ പ്രസിഡന്റ്സ് എൻവയൺമെന്റൽ യൂത്ത് അവാർഡും ഈ കുട്ടിക്ക് ലഭിച്ചിരുന്നു.

സംഗീത ഉപകരണങ്ങൾ അഭ്യസിക്കുന്നതിലും ഗീതാഞ്ജലി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. പൈലറ്റ് ലൈസൻസ് ലഭിക്കുന്നതിനുള്ള പരിശീലനം നടത്തിവരുന്നു.