മലപ്പുറം: കോവിഡ് പോസിറ്റീവായിട്ടും ഒറ്റമുറി വീട്ടിൽ കുടുംബത്തോടൊപ്പം കഴിയേണ്ടി വന്ന ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മലപ്പുറം ജില്ലയിലെ തിരൂർ വെട്ടം ആലിശ്ശേരി സ്വദേശി വാണിയംപള്ളിയിൽ അനിൽകുമാറാണ് കഴിഞ്ഞ ദിവസം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.

മരിക്കുന്നതിന് മുമ്പ് മൊബൈൽ ഫോണിൽ തന്റെ ദയനീയ അനുഭവങ്ങൾ പറഞ്ഞ് അത് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചിരുന്നു. ശക്തമായ തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനിലിന് കോവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് വീട്ടിലെത്തി ക്വാറന്റെയിനിലിരിക്കുകയായിരുന്നു.മക്കൾക്കും ഭാര്യക്കുമൊപ്പം ഒറ്റമുറി വീട്ടിലാണ് അനിലും താമസിച്ചത്.

വീട്ടിൽ മറ്റ് മുറികളൊന്നുമില്ലായിരുന്നു. ഇതിന്റെ മാനസിക സംഘർഷം കാരണമാണ് ആത്മഹത്യ ചെയ്തത്. തന്റെ അനുഭവും ദയനീയതയും മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ച വീഡിയോയിൽ അനിൽ വ്യക്തമാക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായാൽ ഒറ്റക്ക് ഒരു മുറിയിൽ ഇരിക്കണമെന്നാണ്, എന്നാൽ ഞങ്ങൾക്ക് നാല് പേർക്കും കൂടി ആകെ ഒറ്റമുറിയാണ് ഈ വീട്ടിലുള്ളത്. അതുകൊണ്ടാണ് ഇങ്ങനെ ഇരിക്കേണ്ടി വന്നത് എന്നാണ് അനിൽ മരിക്കുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയിൽ പറയുന്നത്.

വീടിനായി നേരത്തെ തറ നിർമ്മിച്ചിരുന്നെങ്കിലും ഒരു മുറി മാത്രമാണ് പണി പൂർത്തീകരിച്ചിരുന്നത്. ഈ മുറിയിലായിരുന്നു അനിലും രണ്ട് മക്കളം ഭാര്യയും അടക്കം നാല് പേർ താമസിച്ചിരുന്നത്. അനിലിന് കോവിഡ് പോസിറ്റീവായതിന് ശേഷവും നാല് പേരും ഈ മുറിയിൽ തന്നെയാണ് താമസിച്ചത്. ഇതനെ തുടർന്ന് അനിൽ മാനിസക സംഘർഷത്തിലായിരുന്നു.

പിന്നീട് വീഡിയോ ചിത്രീകരിച്ചതിന് ശേഷം കഴിഞ്ഞ ദിവസം രാത്രി സമീപത്തെ 35 അടി താഴ്ചയുള്ള കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഓട്ടോ ഡ്രൈവറും അനൗൺസറുമാണ് അനിൽ. തിരൂർ ജില്ല ആശുപത്രിയിൽ നിന്നും നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതനായാ നാരായണനാണ് അനിലിന്റെ പിതാവ്. ജാനകിയാണ് മാതാവ്. സജിനി ഭാര്യയും ഹൃദിക്, ആശിന പാർവതി എന്നിവർ മക്കളുമാണ്.