കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎ. സത്യജിത് വിശ്വാസിന്റെ കൊലപാതകവുമായി ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിക്കും പങ്കെന്ന് സംസ്ഥാന അന്വേഷണ ഏജൻസി. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ മുകുൾ റോയ്ക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്. രണഘട്ടിലെ എ.സി.ജെ.എം. കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മുകുൾ റോയിയും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിനാണ് കൃഷ്ണഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഫുൽബാരി പ്രദേശത്തെ ഒരു പ്രാദേശിക ക്ലബിന്റെ സരസ്വതി പൂജയിൽ പങ്കെടുക്കവേയാണ് സത്യജിത്തിന് വെടിയേറ്റത്.

മുകുൾ റോയ്ക്ക് പുറമേ ബിജെപി. എംപി ജഗന്നാഥ് സർക്കാരിന്റെ പേരും കുററപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരുൾപ്പടെ ആകെ അഞ്ചുപേരെയാണ് കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുള്ളതെന്ന് റോയ് യുടെ അഭിഭാഷകൻ സമുൻ റോയ് പറഞ്ഞു. 'എനിക്കെതിരേ 44 കേസുകളുണ്ട്. എനിക്ക് ആശങ്കയൊന്നുമില്ല. അവർക്കെന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. പക്ഷേ ആരാണ് ബംഗാളിലെ പൊലീസ് മന്ത്രിയെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. കുററപത്രത്തിൽ എന്റെ പേര് ചേർത്തത് മുഖ്യമന്ത്രിയുടെ നിർബന്ധപ്രകാരമാണോ? എനിക്ക് നീതിപീഠത്തിൽ പൂർണവിശ്വാസമുണ്ട്.' മുകുൾ റോയ് പ്രതികരിച്ചു.

കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ മുകൾ റോയിയെ സിഐ.ഡി. ചോദ്യം ചെയ്തിരുന്നു.കൊൽക്കത്ത കോടതി മുൻകൂർ ജാമ്യവും അനുവദിച്ചിരുന്നു. എന്നാൽ ഇത് പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ ശ്രമമാണെന്ന് ബിജെപി. ആരോപിച്ചു. 'മമതാ ബാനർജിയുടെ ഗൂഢാലോചന തുടരുകയാണ്. ഗൂഢാലോചനയിലൂടെ പ്രതിപക്ഷത്തെ എങ്ങനെ അടിച്ചമർത്താമെന്നുള്ളതിന് തെളിവാണ് മുകുൾ റോയ്ക്കെതിരായ വ്യാജകുറ്റപത്രം.' ബിജെപി നേതാവ് കൈലാഷ് വിജയ് വർഗിയ ട്വീറ്റ് ചെയ്തു.

തൃണമൂൽ കോൺഗ്രസിൽ രണ്ടാമനായിരുന്ന റോയ് പാർട്ടിയുമായി ഇടഞ്ഞ് 2017ലാണ് ബിജെപിയിൽ ചേർന്നത്. മുകുൾ റോയ് ബിജെപിയിലെത്തിയതിനെ തുടർന്ന് നിരവധി എംഎൽഎമാരും നേതാക്കളും മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 18 ലോക്‌സഭ സീറ്റുകളിൽ വിജയിക്കുവാനും കഴിഞ്ഞിരുന്നു.