കൊൽക്കത്ത: കോവിഡിനെക്കാൾ അപകടകാരിയായ വൈറസാണ് ത‍ൃണമൂൽ കോൺ​ഗ്രസ് എന്ന് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ തുടച്ച് നീക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൗത്ത് 24 പർഗനാസ് ജില്ലയിൽ ബിജെപി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഇതുവരെ കണ്ട ഏറ്റവും ജനാധിപത്യ വിരുദ്ധമായ സർക്കാരാണിതെന്ന് അദ്ദേഹം വിമർശിച്ചു. തൃണമൂൽ സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്നും അ​ദ്ദേ​ഹം പറഞ്ഞു.

ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ പ്രതിപക്ഷ നേതാക്കൾക്കെതിരേ മമത സർക്കാർ ചുമത്തിയ എല്ലാ വ്യാജ കേസുകളും പിൻവലിക്കും. രാഷ്ട്രീയ എതിരാളികൾക്കെതിരേയുള്ള തൃണമൂലിന്റെ അതിക്രമങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഘോഷ് പറഞ്ഞു. പ്രധാനമന്ത്രി കിസൻ സമ്മാൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ കേന്ദ്ര പദ്ധതികളൊന്നും ബംഗാളിൽ നടപ്പാക്കാൻ തൃണമൂൽ സർക്കാർ അനുവദിക്കുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോയ്ക്ക് പിന്നാലെ ഡിസംബർ 29ന് ബിർഭമിൽ റോഡ് ഷോ നടത്തുന്ന മമതയേയും ഘോഷ് പരിഹസിച്ചു. ബിജെപി പരിപാടികളെ പിന്തുടർന്ന് തൃണമൂലും റോഡ് ഷോ സംഘടിപ്പിക്കുകയാണ്. ഇതുപോലെ കേന്ദ്രത്തിന്റെ മികച്ച ഭരണ മാർഗങ്ങളും കൂടി തൃണമൂൽ പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം വൈറസ് പരാമർശം ബിജെപിയുടെ മാനസികാവസ്ഥയെ തുറന്നുകാണിക്കുന്നതാണെന്ന് തൃണമൂൽ മറുപടി നൽകി. ഇത്തരം പരാമർശങ്ങളിൽ അഭിപ്രായം പറയേണ്ട ആവശ്യമില്ല. ബിജെപിയുടെ മാനസികാവസ്ഥ ഇതിലൂടെ പ്രതിഫലിപ്പിക്കുന്നു. സംസ്ഥാനത്തെ ജനങ്ങൾ ഇതിന് തക്ക മറുപടി നൽകുമെന്നും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർഥ ചാറ്റർജി വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ, തൃണമൂൽ കോൺഗ്രസ്- ബിജെപി പോര് സംസ്ഥാനത്ത് മുറുകുകയാണ്.

2021 ലെ തിരഞ്ഞെടുപ്പിൽ നിയമസഭയിൽ 294 സീറ്റുകളിൽ 200 എണ്ണം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കേന്ദ്രആഭ്യന്ത്രമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാൾ സന്ദർശനത്തിന്റെ ഭാഗമായി മിഡ്നാപുരിൽ സംഘടിപ്പിച്ച റാലിയിൽ മുന്മന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ തൃണമൂൽ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ അംഗത്വം എടുത്തിരുന്നു. എട്ട് തൃണമൂൽ അംഗങ്ങളും ഒരു സിപിഎം അംഗവും ഉൾപ്പെടെ 11 എംഎൽഎമാരും ഒരു എംപിയുമാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്.

നന്ദിഗ്രാം പ്രക്ഷോഭത്തെ മമത ബാനർജിക്ക് അധികാരത്തിലേയ്ക്കുള്ള വഴിയാക്കി മാറ്റിയ സുവേന്ദു അധികാരിയടക്കമുള്ള തൃണമൂൽ നേതാക്കൾ ബിജെപിയിൽ അംഗത്വമെടുത്തത് ബംഗാളിൽ പാർട്ടിയുടെ കരുത്ത് വർദ്ധിപ്പിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.