ടോക്കിയോ: ലോകത്തെ ഏറ്റവും വേഗമേറിയ പുരുഷ താരത്തെ ഇന്നറിയാം. വൈകിട്ട് 6.20നാണ് 100 മീറ്റർ ഫൈനൽ. മൂന്ന് സെമിഫൈനലുകൾ പൂർത്തിയായിക്കഴിഞ്ഞു. ഒരു കാലത്ത് വേഗതയുടെ പര്യായമായിരുന്ന ജമൈക്കയിൽ നിന്നും ഇത്തവണ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ ഒറ്റ താരം പോലും ഇടം നേടിയില്ല.

ജമൈക്കയുടെ ഇതിഹാസ താരം യൊഹാൻ ബ്ലേക്ക് സെമി ഫൈനലിൽ പുറത്തായി. ഈ ഇനത്തിൽ സ്വർണം നേടുമെന്ന് കായികലോകം കരുതിയിരുന്ന ബ്ലേക്ക് സെമിയിൽ ആറാമതായി മാത്രമാണ് മത്സരം പൂർത്തീകരിച്ചത്. 100 മീറ്റർ പൂർത്തീകരിക്കാൻ ബ്ലേക്ക് 10.14 സെക്കൻഡാണ് എടുത്തത്.

തന്റെ പിൻഗാമിയാവും എന്ന് ഉസൈൻ ബോൾട്ട് പ്രവചിച്ച അമേരിക്കയുടെ ട്രൈവോൺ ബ്രോംവെൽ, ജമൈക്കയുടെ യോഹാൻ ബ്ലേക്ക് എന്നിവർ സെമിയിൽ പുറത്തായി. എന്നാൽ കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈൻ എന്നിവർ ഫൈനൽ ഉറപ്പിച്ചു.

ആദ്യ സെമി ഫൈനലിലാണ് ബ്ലേക്ക് മത്സരിച്ചത്. ആദ്യ സെമിയിൽ നിന്നും അമേരിക്കയുടെ ഫ്രേഡ് കേർളി 9.96 സെക്കൻഡിൽ ഒന്നാം സ്ഥാനത്തെത്തി. 9.98 സെക്കൻഡിൽ കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ രണ്ടാമതെത്തി. ഇരുവരും ഫൈനലിലേക്ക് യോഗ്യത നേടി.

ഹീറ്റ്സ് രണ്ടിൽ മത്സരിച്ച ബ്രൊമെൽ മത്സരം പൂർത്തിയാക്കിയത് മൂന്നാം സ്ഥാനത്താണ്. 100 മീറ്റർ ഓടാൻ 10 സെക്കന്റെടുത്തു. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ താരം കടന്നുകൂടുകയായിരുന്നു. കഴിഞ്ഞ ജൂണിൽ 9.77 സെക്കന്റിൽ ബ്രൊമെൽ 100 മീറ്റർ പിന്നിട്ടിരുന്നു.

ഹീറ്റ്സ് റ്റുവിൽ നിന്ന് ബ്രിട്ടന്റെ ഷാർണെൽ ഹ്യൂഗെസും (9.98 സെ) നൈജീരിയയുടെ എനോത്ത് അഡെഗോക്കെ എനോച്ചും (10 സെ) നേരിട്ട് ഫൈനലിലെത്തി.

ഹീറ്റ്സ് മൂന്നിൽ നിന്ന് ഏഷ്യൻ റെക്കോഡോടെ ഒന്നാമതെത്തിയ ചൈനീസ് താരം ഷൂ ബിങ് ടിയാനും യു.എസ്.എയുടെ റോണി ബേക്കറും (9.83 സെ) ഫൈനൽ ടിക്കറ്റെടുത്തു. 9.83 സെക്കന്റിൽ ഓടിയെത്തിയ ഷൂ ബിങ് ടിയാൻ 100 മീറ്റർ ഒളിമ്പിക് ഫൈനലിലെത്തുന്ന ആദ്യ ചൈനീസ് താരമെന്ന റെക്കോഡും സ്വന്തമാക്കി.

മൂന്നു ഹീറ്റ്സും അവസാനിച്ചപ്പോൾ പുറത്തായവരിലെ മികച്ച രണ്ട് സമയമെന്ന നിലയിൽ ഇറ്റലിയുടെ മാഴ്സൽ ജേക്കബ്സും (9.84 സെ) ദക്ഷിണാഫ്രിക്കയുടെ അകാനി സിബെയ്നും (9.90 സെ) കലാശക്കളിയിലെത്തി. 24 താരങ്ങളാണ് സെമിയിൽ മത്സരിച്ചത്.

മികച്ച തുടക്കം ലഭിച്ചിട്ടും അവസാനത്തേക്ക് ബ്ലേക്കിന്റെ വേഗത കുറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമാണ് ബ്ലേക്ക്. ഉസൈൻ ബോൾട്ടിനുശേഷം 100 മീറ്ററിലും 200 മീറ്ററിലും ബ്ലേക്കിന്റെ വേഗതയെ മറികടക്കാൻ ഒരു കായികതാരത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. 100 മീറ്ററിൽ ബ്ലേക്കിന്റെ ഏറ്റവും മികച്ച സമയം 9.69 സെക്കൻഡാണ്.

രണ്ട് തവണ വീതം ഒളിമ്പിക്സിൽ സ്വർണവും വെള്ളിയും നേടിയ ബ്ലേക്ക് രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണവും അഞ്ചുതവണ ഒളിമ്പിക്സ് ഗെയിംസിൽ ഫൈനലിസ്റ്റ് ആയിട്ടുമുണ്ട്. ലോകറെക്കോഡ് നേടിയ ജമൈക്കയുടെ റിലേ ടീമിലും അംഗമായിരുന്നു.