ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഫുട്‌ബോൾ പുരുഷ വിഭാഗം ഫൈനലിൽ സ്‌പെയിനെ കീഴടക്കി സ്വർണം നിലനിർത്തി ബ്രസീൽ. ആവേശകരമായ മത്സരത്തിൽ സ്പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് കാനറികൾ കീഴടക്കിയത്. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ മാൽക്കോമാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്.

ഈ വിജയത്തോടെ ബ്രസീൽ ഒളിമ്പിക് സ്വർണം നിലനിർത്തി. 2016 റിയോ ഒളിമ്പിക്സിലും ബ്രസീൽ തന്നെയാണ് സ്വർണം നേടിയത്. ഒളിമ്പിക്സ് ഫുട്ബോളിൽ ബ്രസീൽ നേടുന്ന രണ്ടാം സ്വർണമാണിത്. കോപ്പ അമേരിക്ക ഫൈനലിലെ തോൽവി മറക്കാൻ ടോക്കിയോയിൽ സ്വർണം ലക്ഷ്യമിട്ട ബ്രസീലിന് വീറുറ്റ പ്രകടനത്തിലൂടെ ഒടുവിൽ പൊന്നണിഞ്ഞാണ് നാട്ടിലേക്ക് മടങ്ങുന്നത്.

ബ്രസീലിന് വേണ്ടി മാൽക്കോമും മത്തേയൂസ് കുന്യയും സ്‌കോർ ചെയ്തപ്പോൾ നായകൻ മിക്കേൽ ഒയാർസബാൽ സ്പെയിനിനായി ഗോൾവല ചലിപ്പിച്ചു. മികച്ച പ്രകടനം നടത്തിയിട്ടും സ്പെയിനിന് വിജയം സ്വന്തമാക്കാൻ സാധിച്ചില്ല.

ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ മത്തേയൂസ് കുന്യയിലൂടെ ബ്രസീലാണ് മത്സരത്തിൽ ലീഡെടുത്തത്. നായകൻ ഡാനി ആൽവസ് എടുത്ത കോർണർ കിക്ക് സ്വീകരിച്ച കുന്യ പന്ത് കൃത്യമായി വലയിലെത്തിച്ച് നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാർക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ആ ലീഡ് നിലനിർത്താനും ബ്രസീലിന് സാധിച്ചു. ആദ്യപകുതിയിൽ റിച്ചാലിസൺ പെനാൽട്ടി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയായി.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. ഉണർന്നുകളിച്ച സ്പെയിൻ സംഘം 61-ാം മിനിട്ടിൽ ലക്ഷ്യം കണ്ടു. മുന്നേറ്റതാരവും നായകനുമായ മിക്കേൽ ഒയാർസബാലാണ് സ്പാനിഷ് സംഘത്തിന് സമനില ഗോൾ സമ്മാനിച്ചത്. കാർലോസ് സോളറുടെ തകർപ്പൻ പാസ് സ്വീകരിച്ച ഒയാർസബാൽ പന്ത് കാനറികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി.

കളി സമനിലയിലായതോടെ വിജയഗോളിനായി ഇരുടീമുകളും ആക്രമിച്ചുകളിച്ചു. 88-ാം മിനിട്ടിൽ സ്പെയിൻ ഗോൾ നേടി എന്ന് തോന്നിച്ചെങ്കിലും ബ്രയാൻ ഗില്ലിന്റെ തകർപ്പൻ ഷോട്ട് ബ്രസീൽ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയിൽ ബ്രസീൽ മത്സരത്തിൽ ലീഡെടുത്തു. 108-ാം മിനിട്ടിൽ യുവതാരം മാൽക്കോമാണ് ഗോൾ നേടിയത്. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ താരം സ്പെയിൻ ഗോൾകീപ്പർ ഉനായ് സിമോണിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ ബ്രസീൽ വിജയമുറപ്പിച്ചു.

ലോക ഫുട്‌ബോളിലെ കരുത്തരായ രണ്ട് ടീമുകളാണ് ഫൈനലിൽ നേർക്കുനേർ വന്നത്. കഴിഞ്ഞ റിയോ ഒളിംപിക്സിൽ ആതിഥേയരായ ബ്രസീലിനായിരുന്നു സ്വർണം. തുടർച്ചയായി ഒളിംപിക് സ്വർണം നേടുന്ന അഞ്ചാമത്തെ മാത്രം ടീമെന്ന നേട്ടവും കാനറികൾ സ്വന്തമാക്കി. 1992ലെ ബാഴ്സലോണ ഒളിംപിക്സിലെ സ്വർണ നേട്ടം ഒരിക്കൽ കൂടി ആവർത്തിക്കാൻ ലക്ഷ്യമിട്ട സ്‌പെയിൻ പൊരുതിയാണ് കീഴടങ്ങിയത്.

വനിതാ ഫുട്‌ബോളിൽ കാനഡ സ്വർണം സ്വന്തമാക്കിയിരുന്നു. സ്വീഡനെ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് കാനഡ തോൽപ്പിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. വനിതാ ഫുട്‌ബോളിൽ അമേരിക്കയ്ക്കാണ് വെങ്കലം.