ടോക്യോ: ഒളിമ്പിക്‌സ് രണ്ടാം ദിനത്തിൽ ആദ്യത്തെ നിരാശയക്ക് ശേഷം ഇന്ത്യൻ ക്യാമ്പിനെ തേടിയെത്തുന്നത് പ്രതീ്ഷ നൽകുന്ന മത്സരഫലങ്ങൾ.രണ്ടാം ദിനത്തിൽ ഇന്ത്യയുടെ ആദ്യ ഇനമായ ഷൂട്ടിങ്ങിൽ ഇന്നും നിരാശയായിരുന്നു ഫലം.തുടർന്നാണ് ബാഡ്മിറ്റണിലെ സിന്ധുവിന്റെ അനായാസ ജയം ഇന്ത്യക്ക് ആശ്വാസമായത്.വനിതാ ബാഡ്മിറ്റണിൽ ഇന്ത്യയുടെ പ്രതീക്ഷയായ പി വി സിന്ധുവിന് ആദ്യമത്സരത്തിൽ അനായാസ ജയം.നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം.ഇസ്രയേലിന്റെ സെനിയ പോളികാർപോവയെയാണ് സിന്ധു തകർത്തത്. സ്‌കോർ: 21-7, 21-10.രണ്ട് ഗെയിമിലും സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയർത്താൻ പോളികാർപോവയ്ക്ക് സാധിച്ചില്ല. 2016-ൽ റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവാണ് സിന്ധു.

ഷൂട്ടിങ്ങ് റേഞ്ചിൽ നിന്നം ഇന്ത്യക്ക് നിരാശജനകമായ വാർത്തയാണ് ഇന്നും. മെഡൽ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി.വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭേക്കറിനും യശ്വസിനി സിങ് ദേശ്വാളിനും ഫൈനലിന് യോഗ്യത നേടാനായില്ല. മത്സരത്തിനിടെ പിസ്റ്റൾ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭേക്കറിന് തിരിച്ചടിയായി. യോഗ്യതാ റൗണ്ടിൽ 575 പോയന്റോടെ 12-ാം സ്ഥാനത്താണ് മനു ഫിനിഷ് ചെയ്തത്. യശ്വസിനി സിങ് ദേശ്വാൾ 574 പോയന്റോടെ 13-ാം സ്ഥാനത്തെത്തി.587 പോയന്റുമായി യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി ചൈനയുടെ ജിയാങ് റാൻസിൻ ഒന്നാമതെത്തി.

തുഴച്ചിൽ ലൈറ്റ് വെയ്റ്റ് ഡബിൾ സ്‌കൾസ് റെപജാജ് മത്സരത്തിൽ ഇന്ത്യയുടെ അർജുൻ ലാൽ ജത്-അരവിന്ദ് സിങ് സഖ്യം സെമി ഫൈനലിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ മൂന്നാം സ്ഥാനത്തെത്തിയാണ് ഇന്ത്യൻ ടീം സെമി ഫൈനൽ ഉറപ്പിച്ചത്. 2000 മീറ്റർ ദൂരം ഇന്ത്യൻ ടീം 6:51.36 സമയം കൊണ്ട് മറികടന്നു. പോളണ്ടാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. സ്പെയിൻ രണ്ടാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കി. ആദ്യ 1000 മീറ്ററിൽ നാലാം സ്ഥാനത്തായിരുന്നു അർജുൻ-അരവിന്ദ് സഖ്യം പിന്നീട് മികച്ച പ്രകടനം പുറത്തെടുത്ത് മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു.

ടെന്നീസ് ഡബിൾസിൽ സാനിയ മിർസ- അങ്കിത സഖ്യത്തിന്റെ മത്സരം ആരംഭിച്ചു.യുക്രൈനിന്റെ നാദിയ കിച്ചെനോക്ക്-ലിയൂഡ്മൈല കിച്ചെനോക്ക് സഖ്യത്തെയാണ് നേരിടുന്നത്.ആദ്യ സെറ്റ് 6-0 ന് ഇന്ത്യൻ സഖ്യം സ്വന്തമാക്കി