ടോക്യോ: ടോക്യോ പാരാലിംപിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ഹൈജംപിൽ 2.06 മീറ്റർ ഉയരം ചാടി നിഷാദ് കുമാർ വെള്ളി നേടി. ഏഷ്യൻ റെക്കോർഡ് മറികടന്നാണ് താരത്തിന്റെ വെള്ളിമെഡൽ നേട്ടം. റിയോയിൽ ചാമ്പ്യനായിരുന്ന അമേരിക്കൻ താരത്തിനാണ് സ്വർണം. 

ഹൈജംപിൽ ദേശീയ ചാമ്പ്യനും 2019 ലെ വേൾഡ് ചാമ്പ്യൻഷിപ്പിൽ ദേശീയ, ഏഷ്യൻ റെക്കോഡ് ഉടമയുമാണ് നിഷാദ്. രാംപാൽ ചഹറും ഇന്ത്യയ്ക്ക് വേണ്ടി ഇതേ കാറ്റഗറിയിൽ ഹൈജംപിൽ മത്സരിച്ചിരുന്നു. 1.94 മീറ്റർ ചാടിയ രാംപാലിന് അഞ്ചാം സ്ഥാനത്താണ് ഫിനീഷ് ചെയ്യാനായത്. രാംപാലിന്റെ ഏറ്റവും മികച്ച വ്യക്തിഗത ഉയരമാണിത്.

നിഷാദ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'ടോക്യോയിൽ നിന്ന് കൂടുതൽ സന്തോഷകരമായ വാർത്തകൾ വരുന്നു! പുരുഷന്മാരുടെ ഹൈജംപിൽ നിഷാദ് കുമാർ വെള്ളി മെഡൽ നേടിയതിൽ വലിയ സന്തോഷമുണ്ട്. മികച്ച പ്രതിഭയും സ്ഥിരോത്സാഹവും ഉള്ള അത്ലറ്റാണ് നിഷാദ്. അദേഹത്തിന് അഭിനന്ദനങ്ങൾ' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

 

നേരത്തെ ടേബിൾ ടെന്നിസിൽ ഭവിന ബെൻ പട്ടേൽ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. ക്ലാസ് 4 വിഭാഗം ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം യിങ് ഷൂവിനോടാണ് ഭവിന പരാജയപ്പെട്ടു. സ്‌കോർ 11-7,11-5, 11-6. പാരാലിംപിക്സ് ടേബിൾ ടെന്നിസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ഭവിന ബെൻ പട്ടേൽ.