ചെന്നൈ: വിളയ്ക്ക് ന്യായമായ വില കിട്ടാത്ത രോഷത്തിൽ നാല് ഏക്കറിലെ തക്കാളി കൃഷി കർഷകൻ നശിപ്പിച്ചു. തമിഴ്‌നാട് അല്ലളപുരത്തുള്ള ശിവകുമാർ എന്ന കർഷകനാണ് കടുംകൈ ചെയ്യേണ്ടി വന്നത്.

വിത്ത് പാകാനും വളമിടാനും കായ്കൾ പറിച്ചെടുക്കാനും തൊഴിലാളികൾക്ക് കൂലി നൽകാനും തുടർന്ന് ചരക്ക് വാഹനത്തിൽ കയറ്റാനുമടക്കം ഒന്നരലക്ഷത്തോളം രൂപയാണ് ചെലവഴിച്ചതെന്ന് ശിവകുമാർ പറഞ്ഞു. എന്നാൽ കിലോക്ക് അഞ്ച് രൂപ എന്ന നിരക്കിലാണ് തക്കാളി വിൽക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. തന്റെ കയ്യിൽ നിന്ന് കൂടുതൽ പണം ചെലവഴിക്കേണ്ട അവസ്ഥയാണെന്നും ശിവകുമാർ പരാതിപ്പെടുന്നു.

സർക്കാർ ഇടപെട്ട് കിലോക്ക് 15 രൂപയെങ്കിലും സംഭരിക്കാൻ കഴിഞ്ഞാൽ മാത്രമേ തന്നെപ്പോലുള്ള കർഷകർക്ക് നിലനിൽക്കാനാകുകയുള്ളൂ എന്നും കർഷകൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കൃഷിമന്ത്രി എം.ആർ.കെ പനീർശെൽവൻ കാർഷിക ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഈ സംഭവം നടന്നിരിക്കുന്നത്.