ന്യൂഡൽഹി: നിയമത്തിന് ഇരുപത്തിരണ്ടുകാരിയെന്നോ അൻപതുകാരിയെന്നോ ഇല്ലെന്ന് ഡൽഹി പൊലീസ് കമ്മിഷണർ എസ്എൻ ശ്രീവാസ്തവ. ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദഹം. ദിഷ രവിയെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പൊലീസ് കമ്മിഷണർ പറഞ്ഞു.

ഇരുപത്തിരണ്ടുകാരിയെ അറസ്റ്റ് ചെയ്തതിൽ പൊലീസിനു വീഴ്ച പറ്റിയെന്നൊക്കെ ആളുകൾ പറയുന്നതിൽ ഒരു കാര്യവുമില്ല. നിയമത്തിൽ അങ്ങനെ പ്രായത്തിന് അനുസരിച്ച് വ്യത്യാസമൊന്നുമില്ല. ഇരുപത്തിരണ്ടുകാരിയെന്നോ അൻപതുകാരിയെന്നോ ഇല്ല- അദ്ദേഹം വ്യക്തമാക്കി.

കർഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെർ​ഗിന്റെ ട്വീറ്റാണ് ദിഷയ്ക്കെതിരായ കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ​ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂൾകിറ്റ് രേഖയിൽ കർഷകസമരങ്ങളെ പിന്തുണയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.

വിവാദമായ ഈ കിറ്റിന് പിന്നിൽ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് കേന്ദ്രത്തിന്റെയും പൊലീസിന്റെയും വാദം. ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും അന്താരാഷ്ട്രതലത്തിൽ ആക്ഷേപിക്കുന്നതിനുള്ള ​ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നിൽ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസർക്കാരും ആരോപിക്കുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാ​ഗമായാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ദിഷ ടൂൾകിറ്റ് സമര പരിപാടികൾ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.