ടോക്യോ: സംഘാടക മികവു കൊണ്ട് ജപ്പാന് സ്വർണ്ണപ്പതക്കം കിട്ടിയ ഒളിമ്പിക്‌സാണ് കടന്നുപോയത്. കോവിഡ് മഹാമാരിയുടെ കാലത്ത് സംഘടിപ്പിച്ച ഗെയിംസ് ഏറെ ശ്രദ്ധേയമായത് അതിലെ മികവു കൊണ്ടാണ്. ജപ്പാൻ എന്ന രാജ്യത്തിന് സാമ്പത്തികമായി നേട്ടമൊന്നും ഉണ്ടാക്കാൻ കഴിയാതെ പോയ ഒളിമ്പിക്‌സ് എന്നാൽ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കപ്പട്ടതായിരുന്നു. സംഘാടനത്തിൽ പ്പാൻ ലോകത്തിന് തന്നെ മാതൃകയായി.

കോവിഡിനെ തുടർന്ന് ഒരു വർഷത്തേക്ക് നീട്ടിവെച്ച ഒളിമ്പിക്സാണ് 2021 ജൂലായ് 23 മുതൽ ഓഗസ്റ്റ് എട്ടു വരെ ടോക്യോയിൽ അരങ്ങേറിയത്. ഒളിമ്പിക് വില്ലേജിൽ പോലും നിരവധി പേർ രോഗബാധിതരായെങ്കിലും അതൊന്നും മഹാമേളയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ സംഘാടകർക്കായി. ടോക്യോയിൽ നിന്നും പാരീസ് ഒളിമ്പിക്‌സിലേക്ക് ഇനി മൂന്ന് വർഷത്തെ കാത്തിരിപ്പു മാത്രമേയൂള്ളൂ. 2024ൽ ആണ് അടുത്ത ഒളിമ്പിക്‌സ്.

ഒളിമ്പിക് ചരിത്രത്തിൽ ആദ്യമായി ഇത്തവണ സമാപന ചടങ്ങിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങിൽ അടുത്ത ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങി. ഫ്രാൻസിന്റെ നാഷണൽ ഓർക്കസ്ട്രയാണ് ചടങ്ങിൽ രാജ്യത്തിന്റെ ദേശീയ ഗാനം ആലപിച്ചത്. സ്‌ക്രീനിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ എന്ന ഒളിമ്പിക് ആപ്തവാക്യത്തിനൊപ്പം ഒന്നിച്ച് എന്ന വാക്ക് കൂടി കൂട്ടിച്ചേർത്തു.

ഈഫൽ ടവർ പരിസരത്തായിരുന്നു ഒളിമ്പിക്‌സിനെ സ്വാഗതം ചെയ്യൽ ചടങ്ങുകൾ. ഫ്രഞ്ച് പ്രസിഡന്റെ മാക്രോൺ നേരിട്ടു ഈഫൽ ടവറിൽ എത്തി ജനങ്ങൾക്കൊപ്പം അണിചേർന്ന. ആഹ്ലാദപൂർവ്വമാണ് ഫ്രഞ്ച് ജനത പാരീസ് ഒളിമ്പിക്‌സിനെ വരവേൽക്കുന്നത്. അതേസമയം ജപ്പാന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സമാപന ചടങ്ങുകളാണ് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. മൂന്നു വർഷത്തിനുശേഷം പാരീസിൽ വീണ്ടും കാണാമെന്ന ആശംസയും പ്രത്യാശയും പങ്കുവെച്ച് കായികതാരങ്ങൾ ടോക്യോയോട് വിടപറഞ്ഞത്.

കടുത്ത നിയന്ത്രണങ്ങൾക്കൊടുവിൽ 17 ദിന രാത്രങ്ങൾ സമ്മാനിച്ച ഒളിമ്പിക്സിനാണ് ടോക്യോയിൽ തിരശ്ശീല വീണത്. ജപ്പാന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സമാപന ചടങ്ങുകളാണ് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഒരുമിച്ച് മുന്നോട്ട് എന്നതായിരുന്നു സമാപനച്ചടങ്ങിന്റെ ആശയം.
സമാപന ചടങ്ങിനിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരുടെ വിഡിയോ ഒളിമ്പിക് സ്‌റ്റേഡിയത്തിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. മത്സരം പൂർത്തിയാക്കുന്ന താരങ്ങൾ 48 മണിക്കൂറിനുള്ളിൽ മടങ്ങണമെന്നതിനാൽ പ്രമുഖ താരങ്ങളിൽ പലരും സമാപനചടങ്ങിൽ പങ്കെടുത്തില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 'ഒരുമിച്ച്' എന്ന വാക്ക് കൂടി 'കൂടുതൽ വേഗത്തിൽ, ഉയരത്തിൽ, കരുത്തോടെ' എന്ന ഒളിംപിക്‌സ് ആപ്തവാക്യത്തിലേക്ക് എഴുതിചേർത്താണ് ടോക്യോ ഒളിംപിക്‌സിന് തിരശീല വീണത്.

സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാർച്ച് പാസ്റ്റിൽ ഗുസ്തിയിൽ വെങ്കലവുമായി തിളങ്ങിയ ബജ്റംഗ് പുനിയ ഇന്ത്യൻ പതാകയേന്തി. ഒളിമ്പിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി 48-ാം സ്ഥാനത്തെത്തി. റിയോയിൽ വെറും രണ്ടു മെഡലുകളുമായി 67-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഇത്തവണ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയിലൂടെ അത്ലറ്റിക്സിൽ ഒരു ഇന്ത്യക്കാരന്റെ ആദ്യ മെഡൽ നേട്ടം നമ്മൾ സ്വന്തമാക്കി. മീരാബായ് ചാനു, രവികുമാർ ദഹിയ എന്നിവർ വെള്ളി നേടിയപ്പോൾ പി.വി സിന്ധു, ലവ്ലിന ബോർഗൊഹെയ്ൻ, ബജ്റംഗ് പുനിയ, ഇന്ത്യൻ ഹോക്കി ടീം എന്നിവരിലൂടെ നാല് വെങ്കലവും ഇന്ത്യ സ്വന്തമാക്കി.

ടോക്യോയിൽ വലിയ സംഘത്തെ തന്നെ അണിനിരത്തിയ അമേരിക്ക 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളുമായി ഒന്നാമതെത്തി. 38 സ്വർണവും 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലുകൾ നേടിയ ചൈനയാണ് രണ്ടാമത്. ആതിഥേയരായ ജപ്പാൻ 27 സ്വർണമടക്കം 58 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി. 22 സ്വർണവുമായി ബ്രിട്ടനാണ് നാലാമത്.

റിയോയിലും ലണ്ടനിലും നിലനിർത്തിയ ഒളിമ്പിക് ചാമ്പ്യൻ കിരീടം ടോക്യോയിലും അമേരിക്ക തുടർന്നു. സ്വർണത്തിളക്കത്തിൽ ഒരു പണത്തൂക്കം മുന്നിൽനിന്ന് ഒന്നാം സ്ഥാനവുമായി മടങ്ങാനൊരുങ്ങിയ ചൈനയെ അവസാന ദിവസം നേടിയ മെഡലുകളിൽ മറികടന്നാണ് യു.എസ് ഇത്തവണയും ഒന്നാമതെത്തിയത്. അവസാന ദിവസമായ ഞായറാഴ്ച വനിതകളുടെ ബാസ്‌കറ്റ്ബാളിലും വോളിബാളിലുമുൾപെടെ യു.എസ് മൂന്ന് സ്വർണം നേടിയപ്പോൾ ചൈന പിന്നാക്കം പോയതാണ് അമേരിക്കയെ ഒന്നാമതെത്തിച്ചത്.