തിരുവനന്തപുരം : ഉദ്ഘാടന ദിവസം തന്നെ ചുമട്ടു തൊഴിലാളികൾ സമരം ചെയ്ത് കട പൂട്ടിച്ചു. സർക്കാരിന്റേയും സി പി എമ്മുകാരുടേയും ഭാഷയിൽ പറഞ്ഞാൽ ഒരു 'ഒറ്റപ്പെട്ട സംഭവം'. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് ഏറ്റവും പുതിയ ഈ ഒറ്റപ്പെട്ട സംഭവം നടന്നത്.
കണ്ണൂരിലും കോഴിക്കോടും ഈയടുത്ത കാലത്ത് സി ഐ ടി യു തൊഴിലാളികൾ സമരം ചെയ്ത് കടകൾ പൂട്ടിച്ച സംഭവങ്ങൾ നടന്നതിന് പിന്നാലെയാണ് കാട്ടാക്കടയിലെ കട പൂട്ടിക്കൽ സമരം.

കാട്ടാക്കടയിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത എസ് കെ ട്രേഡേഴ്‌സിന് മുന്നിലാണ് തൊഴിൽ തർക്കവുമായി സംയുക്ത ട്രേഡ് യൂണിയൻ സമിതി യുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം തുടങ്ങിയത്. സി ഐ റ്റി യു, ഐ എൻ റ്റി യു സി, ബിഎംഎസ്, എഐടിയു സി, യു റ്റി യു സി തുടങ്ങിയ യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്.

അർഹതപ്പെട്ട തൊഴിൽ സംരക്ഷിക്കുക, തൊഴിലാളികളെ കബളിപ്പിച്ചു നൽകിയ എ എൽ ഒ തൊഴിൽ കാർഡ് റദ്ദ് ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. അനധികൃത കാർഡുപയോഗിച്ചു കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ്സ്ഥാപനത്തിന്റെ പ്രവർത്തനം എന്നാണ് തൊഴിലാളികളുടെ ആരോപണം.

യൂണിയനിലെ പത്തുപേർക്ക് ദിനംപ്രതി 1500 രൂപ ശമ്പള നിരക്കിൽ സ്ഥിരം ജോലി നൽകാമെന്നും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നിയമാനുസൃത കൂലി നൽകാൻ ഒരുക്കമാണെന്നും സ്ഥാപന ഉടമ സുദർശനൻ പറയുന്നു. എന്നാൽ യൂണിയനുകൾ അട്ടിക്കൂലി, അടുക്ക് കൂലി, നീക്ക് കൂലി തുടങ്ങി മൂന്ന് ഇനങ്ങളിലായി വലിയ തുകയുള്ള കൂലിയാണ് ആവശ്യപ്പെടുന്നതെന്നും നോക്കു കൂലി നൽകണ മെന്നാണ് പറയുന്നതെന്നും കടയുടമ ആരോപിക്കുന്നു.

യൂണിയനുകൾ ആദ്യം കോടതി ഉത്തരവുണ്ടെങ്കിൽ തൊഴിൽ പ്രവർത്തനം അനുവദിക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ കോടതി ഉത്തരവുമായി എത്തിയപ്പോൾ അതിന് വഴങ്ങുന്നില്ലെന്നും കട ഉടമ പറയുന്നു. അതേസമയം കടയുടമ സന്ധി സംഭാഷണത്തിൽ ധിക്കാരപരമായ നിലപാടെടുത്തെന്നും തൊഴിലാളി യൂണിയൻ നേതാവ് പറയുന്നു. നിലവിൽ കടയ്ക്ക് മുന്നിൽ സമരമിരിക്കുകയാണ് യൂണിയൻ പ്രവർത്തകർ.