കണ്ണൂർ: സ്‌കൂൾ ബസിൽ കയറുന്നതിനായി റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവൻ സ്‌കൂൾ വിദ്യാർത്ഥിനി അലവിൽ നിച്ചുവയൽ സ്വദേശിനി നന്ദിത പി കിഷോർ (16) ആണ് മരിച്ചത്.

കണ്ണൂർ ചിറയ്ക്കൽ അർപ്പാംതോട് റെയിൽവേ ഗേറ്റിൽ രാവിലെ 7.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച നന്ദിത. അമ്മയുടെ കാറിൽ നിന്നിറങ്ങി സ്‌കൂൾ ബസിൽ കയറാനായി ഓടുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

കണ്ണൂരിലേക്ക് വരികയായിരുന്ന പരശുറാം എക്സ്പ്രസ് ആണ് കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. ഗേറ്റ് അടച്ചിരിക്കുന്നത് കണ്ട് കാർ നിർത്തി. തുടർന്ന് കുട്ടി ട്രാക്ക് മുറിച്ചുകടന്ന് ഗേറ്റിന് അപ്പുറത്തേക്ക് പോകുകയായിരുന്നു. കുട്ടി പാളം കടന്നിരുന്നുവെന്നും, എന്നാൽ കുട്ടിയുടെ പിന്നിലെ ബാഗ് ട്രെയിനിൽ കൊളുത്തിയതിനെ തുടർന്ന് കുട്ടി തെറിച്ചു വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ എകെജി ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിഷോർ-ലിസി ദമ്പതികളുടെ ഏകമകളാണ് മരിച്ച നന്ദിത. കിഷോർ നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.