ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ട്രെയിൻ സർവീസ് നിർത്തിവയ്ക്കാൻ ആലോചനയില്ലെന്ന് റെയിൽവേ. സർവീസ് വെട്ടിച്ചുരുക്കാനും ഇപ്പോൾ ചർച്ചയൊന്നും നടക്കുന്നില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ വ്യക്തമാക്കി.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വീണ്ടും ലോക്ക് ഡൗൺ വരുമെന്ന ആശങ്ക പല കേന്ദ്രങ്ങളിൽനിന്നും ഉയരുന്നുണ്ട്. ഇതിനു പിന്നാലെ നഗരങ്ങളിലെ കുടിയേറ്റത്തൊഴിലാളികൾ നാടുകളിലേക്കു മടങ്ങുന്നത് വർധിക്കുകയും ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ വരികയും ട്രെയിൻ സർവീസ് നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യം മൂൻകൂട്ടിക്കണ്ടാണ് പലരും നേരത്തെ തന്നെ നാട്ടിലേക്കു മടങ്ങുന്നത്. ഇതു സംബന്ധിച്ച വാർത്തകളോടു പ്രതികരിച്ചുകൊണ്ടാണ് റെയിൽവേ ബോർഡ് ചെയർമാന്റെ വിശദീകരണം.

''ട്രെയിൻ സർവീസ് നിർത്താനോ കുറയ്ക്കാനോ ആലോചനയില്ല. ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താൻ റെയിൽവേ തയാറാണ്. ഇതു സംബന്ധിച്ച് ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല''- സുനീത് ശർമ പറഞ്ഞു.

ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് വേനൽക്കാലത്ത് സാധാരണ ഉണ്ടാവാറുള്ളതാണെന്ന് ചെയർമാൻ വിശദീകരിച്ചു. തിരക്ക് കണക്കിലെടുത്ത് കുടുതൽ സർവീസുകൾ നടത്താൻ നടപടി തുടങ്ങിയിട്ടുണ്ട്. ട്രെയിൻ യാത്രയ്ക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ഉദ്ദേശ്യമൊന്നുമില്ലെന്നും ശർമ പറഞ്ഞു.