വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തീരുമാനങ്ങൾ ട്രംപിൽ നിന്നും തീർത്തും വ്യത്യസ്തമാകും എന്ന കാര്യം ഉറപ്പാണ്. ഇതിന്റെ തുടക്കം അദ്ദേഹം ഇട്ടുകഴിഞ്ഞു. ലോകം ഉറ്റുനോക്കുന്ന തീരുമാനങ്ങൾ അദ്ദേഹത്തിൽ നിന്നും ഉണ്ടാകുമെന്ന് പറയുമ്പോൾ ഒരു നിയമനം ലോകം ശ്രദ്ധിക്കുകയാണ്.

പെൻസിൽവാനിയയിലെ ഹെൽത്ത് സെക്രട്ടറിയായ ഡോ. റേച്ചൽ ലെവിനെയാണ് ബൈഡൻ തന്റെ അസിസ്റ്റന്റ് ഹെൽത്ത് സെക്രട്ടറിയായി നിർദേശിച്ചിരിക്കുന്നത്. യു.എസ് സെനറ്റിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഉദ്യോഗസ്ഥയായിരിക്കും റേച്ചൽ ലെവിൻ. ശിശുരോഗ വിദഗ്ധയായ ലെവിൻ 2017 ൽ ഡെമോക്രാറ്റിക് ഗവൺമെന്റിന്റെ കാലത്താണ് പെൻസിൽവാനിയയിൽ സ്ഥാനമേറ്റത്. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന വളരെ കുറച്ച് ട്രാൻസ് വ്യക്തിത്വങ്ങളിൽ ഒരാളാണ് ലെവിൻ. അമേരിക്കയിൽ കൊറോണ പടർന്നു പിടിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ അക്ഷീണം പ്രയത്നിച്ചവരിൽ ഒരാൾകൂടിയാണ് ലെവിൻ.

' ഇതൊരു ചരിത്രപരവും വിപ്ലവകരവുമായ തീരുമാനമാണ്. ഈ ഭരണകൂടത്തിന്റെ ആരോഗ്യപ്രവർത്തനങ്ങളെ നയിക്കാൻ സഹായിക്കുന്നതിന് മികച്ച വ്യക്തിത്വമാണ് ലെവിൻ.' ബൈഡൻ ഒരു പ്രസ്ഥാവനയിൽ പറഞ്ഞത് ഇങ്ങനെ.

ഹാർവാർഡ്, ടുലെയ്ൻ മെഡിക്കൽ സ്‌കൂളുകളിൽ നിന്ന് ബിരുദം നേടിയ ലെവിൻ അസോസിയേഷൻ ഓഫ് സ്റ്റേറ്റ് ടെറിട്ടോറിയൽ ഹെൽത്ത് ഒഫിഷ്യൽസിന്റെ പ്രസിഡന്റാണ്. എൽജിബിടിക്യു കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങളെയും ആരോഗ്യത്തെയും പറ്റി ധാരാളം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.

ഈ മഹാമാരിയെ ചെറുക്കാനും അമേരിക്കൻ ജനതയുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും സഹായിച്ച അറിവും പരിചയവുമുള്ള ഒരു ആദരണീയ പൊതുസേവക'' എന്നാണ് വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് ലെവിനെ വിശേഷിപ്പിച്ചത്.