ബെംഗളൂരു: സ്ത്രീവേഷം കെട്ടി ഭിക്ഷയാചിച്ച യുവാവിനെ ട്രാൻസ്‌ജെൻഡറുകൾ തട്ടിക്കൊണ്ടുപോയി മർദിച്ചുകൊന്നു. ബെംഗളൂരു നൈസ് റോഡിൽ 14-നാണ് രാമനഗര സ്വദേശിയായ രാജേന്ദ്രകുമാറിനെ ( 32) മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ വാഹനാപകടമാണെന്നായിരുന്നു പൊലീസിന്റെ നിഗമനം.

മൃതദേഹപരിശോധനയിൽ യുവാവിന് മർദനമേറ്റതായി കണ്ടെത്തിയതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് നൈസ് റോഡിന് സമീപത്ത് താമസിച്ചുവരുന്ന ദേവി എന്ന അശോക് കുമാർ (26), നിത്യ എന്ന രാമകൃഷ്ണ (24), ഭാവന എന്ന അബ്ദുൾ ( 31) എന്നിവർ പിടിയിലായി.

ട്രാൻസ്‌ജെൻഡർ എന്ന വ്യാജേന തങ്ങളുടെ പ്രദേശത്ത് രാജേന്ദ്രകുമാർ ഭിക്ഷയാചിച്ചതാണ് ട്രാൻസ്‌ജെൻഡറുകളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. തയ്യൽത്തൊഴിലാളിയായ രാജേന്ദ്രകുമാർ കൂടുതൽ വരുമാനം ലഭിക്കുന്ന തൊഴിൽതേടിയാണ് 20 ദിവസംമുമ്പ് ബെംഗളൂരുവിലെത്തിയത്. സമാനമായി സ്ത്രീവേഷം കെട്ടി ഭിക്ഷയാചിക്കുന്ന സംഘത്തോടൊപ്പം ഇയാൾ ചേരുകയായിരുന്നു. നൈസ് റോഡിന് സമീപം ഭിക്ഷയാചിക്കുന്നത് പ്രദേശത്തെ ട്രാൻസ്‌ജെൻഡറുകൾ നേരത്തേ വിലക്കിയിരുന്നു. തങ്ങളുടെ വരുമാനം കുറയുന്നതാണ് കാരണമായി ഇവർ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാൽ, 14-ന് രാത്രി രാജേന്ദ്രകുമാർ വീണ്ടും പ്രദേശത്ത് ഭിക്ഷയാചിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ട്രാൻസ്‌ജെൻഡറുകൾ ഇയാളെ ബലമായി പിടികൂടി തങ്ങളുടെ വീട്ടിലെത്തിക്കുകയായിരുന്നു. വിഗ്ഗ് ഇളകിവന്നതോടെ സ്ത്രീവേഷം കെട്ടിയത് പുരുഷനാണെന്ന് വ്യക്തമായതിനെത്തുടർന്ന് ട്രാൻസ്‌ജെൻഡറുകൾ ഇയാളെ മർദിച്ചു. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രകുമാർ പുലർച്ചയോടെ മരിക്കുകയായിരുന്നു. പിന്നീട് ട്രാൻസ്‌ജെൻഡറുകൾ മൃതദേഹം നൈസ് റോഡിന് സമീപത്ത് ഉപേക്ഷിച്ചു. രാജേന്ദ്രകുമാറിനൊപ്പം സ്ത്രീവേഷംകെട്ടി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഭിക്ഷയാചിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.