തിരുവനന്തപും: കോവിഡിൽ ക്ഷേത്രങ്ങളിൽ നേർച്ചാ തുക കുറഞ്ഞു. ഇതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വലിയ പ്രതിസന്ധയിലാണ്. ശബരിമലയിൽ അടക്കം വരുമാനം ഇല്ലാ അവസ്ഥ. ഇതിനിടെ കോളേജുകളിൽ അനധികൃതനിയമനം നടത്തിയതിന്റെ ഫലമായി ബോർഡിനു പ്രതിമാസം പത്തുലക്ഷത്തോളംരൂപയുടെ ബാധ്യതയും.

ലോക്ഡൗണിൽ ക്ഷേത്രങ്ങളിൽ പ്രവേശനമില്ലാതായതോടെ നിത്യച്ചെലവിനു പോലും പണമില്ലാതെ വലയുകയാണ് ദേവസ്വം ബോർഡുകൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ മാസം ശമ്പളം കൊടുക്കാൻ പണമില്ലാത്ത അവസ്ഥയിൽ സർക്കാരിനോടു സഹായം തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഒരുമാസം ശമ്പളവും പെൻഷനുമായി 40 കോടിയാണു വേണ്ടത്. പൂജാസാധനങ്ങൾ വാങ്ങുന്നതിന് 5 കോടിയും. കഴിഞ്ഞതിന്റെ മുൻപുള്ള സീസണിൽ 261 കോടി വരുമാനംകിട്ടിയ ശബരിമലയിൽ നിന്നു കഴിഞ്ഞ സീസണിൽ കിട്ടിയ വരുമാനം 21 കോടി രൂപയായിരുന്നു. ഇത് വലിയ പ്രതിസന്ധിയാണ്. ഇതിനിടെയാണ് കോളേജിലെ ശമ്പളവും ബോർഡ് കൊടുക്കേണ്ടി വരുന്നത്.

കോളേജിലെ നിയമനം സർക്കാർ അംഗീകരിക്കാത്തതാണു കാരണം. 44 അനധ്യാപക ജീവനക്കാരെ അനധികൃതമായി നിയമിച്ചതാണു ബോർഡിന് ബാധ്യതയായത്. അതുകൊണ്ട് തന്നെ ഇവരുടെ ശമ്പളവും ദേവസ്വം ബോർഡ് നൽകുകയാണ്. ദേവസ്വം ബോർഡിന്റെ നാല് എയ്ഡഡ് കോളേജുകളിലാണ് ഈ നിയമനം നടന്നത്. ഇവിടെ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷാഫീസ് വാങ്ങി രണ്ടുവട്ടം അപേക്ഷ ക്ഷണിച്ചെങ്കിലും പരീക്ഷ നടത്താതെ നിയമനം നടത്തുകയായിരുന്നു.

ഈ നിയമനങ്ങൾ സർക്കാർ അംഗീകരിച്ചില്ല. വിദ്യാഭ്യാസവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിയമനമായതിനാൽ ശമ്പളം നൽകേണ്ട ബാധ്യത ബോർഡിനായി. ശാസ്താംകോട്ട, പമ്പ, ഇരമല്ലിക്കര, തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജുകളിലാണു നിയമനം നടന്നത്. ഓഫീസ് അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ്, ലൈബ്രേറിയൻ, എൽ.ഡി. കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലായാണു നിയമനം. ഇവരിൽ നിന്നെല്ലാം വൻ തുക കോഴ വാങ്ങിയെന്ന ആരോപണവും സജീവമായി നിലവിലുണ്ട്.

2016 മാർച്ചിൽ ഇവയ്ക്കായി ബോർഡ് അപേക്ഷ ക്ഷണിച്ചു. 250 രൂപ അപേക്ഷാഫീസും വാങ്ങി. 1,943 പേർ അപേക്ഷിച്ചു. പക്ഷേ, പരീക്ഷയോ അഭിമുഖമോ നടത്തിയില്ല. 2020 സെപ്റ്റംബർ 18-ന് വീണ്ടും അപേക്ഷ ക്ഷണിച്ചു. ആദ്യം അപേക്ഷിച്ചവർക്കും അവസരം നൽകുമെന്നറിയിച്ചാണു രണ്ടാമത്തെ വിജ്ഞാപനം ഇറക്കിയത്. ഇതിലൂടെയും ഒട്ടേറെ അപേക്ഷകരെത്തി. എന്നാൽ, അപ്പോഴും പരീക്ഷ നടത്തിയില്ല. നിലവിൽ 48 ഒഴിവുകളോളമുണ്ട്.

ഇപ്പോഴത്തെ ബോർഡ് അധികാരമേറ്റശേഷം അനധികൃത നിയമനങ്ങൾ നടത്തിയിട്ടില്ല. അനധ്യാപക തസ്തികകളിലേക്ക് 15,000 ത്തിലധികം അപേക്ഷകരുണ്ട്. ഇത്രയും പേരെവെച്ച് കോവിഡ് സാഹചര്യത്തിൽ ടെസ്റ്റ് നടത്താനാവില്ല. ഇതിനു സർക്കാർ നോമിനിയും വേണമെന്ന് ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റെ എൻ വാസു പറയുന്നു.

ദേവസ്വം ബോർഡിന് കീഴിലെ തൊഴിൽവ്യാപ്തിയുള്ള ഒരു മേഖല വിദ്യാഭ്യാസ രംഗമാണ്. കോളേജുകൾ, ഹയർ സെക്കണ്ടറി സ്‌കൂൾ, ഹൈസ്‌കൂൾ തുടങ്ങി ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേവസ്വം ബോർഡിന് കീഴിലുണ്ട്.